കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ചിങ്ങവനം മുതൽ സംക്രാന്തി വരെ നടത്തിയ പരിശോധന പ്രഹസനമാകരുതെന്നാണ് ചുറ്റുവട്ടത്തിന് അഭ്യർത്ഥിക്കാനുള്ളത്. നാലുപാലങ്ങൾക്ക് നടുവിൽ കുപ്പിക്കഴുത്തുപോലെയുള്ള കോട്ടയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പലരും പല പരിഷ്ക്കാരവും നടത്തി നോക്കിയതാണ് കുറേ കാശ് പൊടിച്ചതല്ലാതെ മറ്റൊരു ഗുണവുമുണ്ടായില്ലെന്നതാണ് അനുഭവം. ഐ.ഐ.ടി വിദഗ്ദ്ധരെ കൊണ്ടുവന്നു തൊടുപുഴയിൽ പി.ജെ.ജോസഫ് പഠനം നടത്തി. കൂടുതൽ റിംഗ് റോഡുകൾ തീർത്തതോടെ തൊടുപുഴ ടൗൺ തൊടാതെ വാഹനങ്ങൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് സുഗമമായി പോകാൻ കഴിയും. റോഡ് കൈയേറി കച്ചവടം ചെയ്യുന്നവരെയും തിരക്കേറിയ ഇടങ്ങൾ സ്റ്റാൻഡാക്കുന്ന ഓട്ടോക്കാരെ പോലും പിണക്കാൻ വയ്യ. ഫ്ലൈ ഓവറെന്ന് കേട്ടാൽ ഫ്ലൈ ഓവറിനു താഴെ കച്ചവടം നിന്നു പോകുമെന്നു പറഞ്ഞു എതിർക്കും. ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കാമെന്നു തീരുമാനിച്ചാൽ കടയുടെ ഷോ പോകുമെന്നാകും പരാതി. റോഡ് വീതി കൂട്ടുന്നതിന് തടസമായി നിൽക്കുന്ന കുരിശടിയോ ക്ഷേത്ര കാണിക്കവഞ്ചിയോ തൊടാനും ആർക്കും ധൈര്യമില്ല. പണ്ട് എം.സി റോഡ് വീതി കൂട്ടൽ ഭരണകക്ഷിയിൽപ്പെട്ട പാർട്ടി ഓഫീസ് പൊളിക്കേണ്ടി വരുമെന്ന് കണ്ടതോടെ പുളിമൂട് കവലയിൽ എത്തി നിന്നു. ടൗൺ ഒഴിവാക്കിയായിരുന്നു പിന്നത്തെ വീതി കൂട്ടൽ.
കോട്ടയംകാരനായ രാജു നാരായണ സ്വാമി കളക്ടറായിരുന്നപ്പോൾ കോടിമത എം.ജി റോഡ് എം.എൽ റോഡ് വീതി കൂട്ടി കെ.കെ. റോഡുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയ്ക്ക് തന്റെ സ്ഥലം നഷ്ടപ്പെടുമെന്ന് കണ്ട് ഒരു കൗൺസിലർ കോടതിയിൽ പോയി സ്റ്റേ വാങ്ങിയതോടെ പദ്ധതി നിലച്ചു. വഴിവീതികൂട്ടാനോ, ഓട്ടോ - ടാക്സി സ്റ്റാൻഡ് മാറ്റാനോ വഴിയോര കച്ചവടം നിയന്ത്രിക്കാനോ ആർക്കും ധൈര്യമില്ല. രാഷ്ട്രീയ സമുദായ പിൻബലമുണ്ടെങ്കിൽ ആരെയും പിണക്കാതുള്ള അഴകൊഴമ്പൻ നയമാണ് ജനപ്രതിനിധികൾ സ്വീകരിക്കുന്നത്. തങ്ങളുടെ സ്ഥലം പോകാതിരിക്കാൻ റോഡുകളുടെയും പാലങ്ങളുടെയും വീതി കൂട്ടാനല്ല കുറയ്ക്കാനുള്ള സമ്മർദ്ദമാണ് നാട്ടുകാരും നടത്തുന്നത്. എന്റെ സ്ഥലം വിട്ടുകൊടുത്തുള്ള ഒരു വികസനവും വേണ്ടെന്നു ചിന്തിക്കുന്ന വികസനവിരോധികൾ ഏറെയുള്ളിടത്ത് എങ്ങനെ റിംഗ് റോഡുകൾ തീർക്കും? ഫ്ലൈ ഓവർ പണിയും? പലകാലങ്ങളിൽ പലരും തയ്യാറാക്കിയ ഒത്തിരി റിപ്പോർട്ട് ഫ്രീസറിലുണ്ട്. സാറുമ്മാര് വല്യ റിപ്പോർട്ടു തയ്യാറാക്കിയിട്ടു കാര്യമില്ല. ആരുടെയും സ്ഥലം നഷ്ടപ്പെടാത്ത കൂടുതൽ ഭൂഗർഭപാതകൾ വന്നാലേ 'ഠ' വട്ടത്തെ കുരുക്കഴിയൂ എന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |