SignIn
Kerala Kaumudi Online
Sunday, 14 June 2026 3.09 AM IST

പാലാ നഗരസഭയിലെ ഭിന്നത തുടരുന്നു.... ഒത്തുതീർപ്പിന് വഴങ്ങാതെ കൗൺസിലർ ബിജു മാത്യൂസ്

പാലാ : നഗരസഭ ഭരണസമിതിയിലെ ഭിന്നത തീർക്കാൻ നേതാക്കൾ വിളിച്ചുചേർത്ത കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിലും തീരുമാനമില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് താൻ പാലായിൽ വരും മുമ്പ് ഒത്തുതീർപ്പ് ഫോർമുല ഉണ്ടാക്കണമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രാദേശിക കോൺഗ്രസ് നേതാക്കളോട് നിർദ്ദേശിച്ചെങ്കിലും നടപ്പായില്ല. സ്വതന്ത്ര മുന്നണിയുമായി ചേർന്ന് നഗരസഭ ഭരണം യു.ഡി എഫ് മുന്നോട്ടു പോകുന്നതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ച ബിജു മാത്യൂസ്, നേതാക്കളുടെ സമ്മർദ്ദമേറിയപ്പോൾ എന്നാൽ താൻ കൗൺസിലർ സ്ഥാനം രാജിവെയ്ക്കുമെന്ന് ഭീഷണി മുഴക്കിയെന്നാണ് സൂചന. മറ്റ് നാല് കോൺഗ്രസ് കൗൺസിലർമാരും നിലപാട് മയപ്പെടുത്തിയിരുന്നു. നേതാക്കളായ അഡ്വ. ബിജു പുന്നത്താനം, പ്രൊഫ. സതീഷ് ചൊള്ളാനി, എൻ.സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. നിലവിൽ പ്രതിപക്ഷത്തുള്ള ഒരു കക്ഷിയുമായി സഹകരിച്ചാൽ അഞ്ച് വർഷവും ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിന് കിട്ടുമെന്ന് ചില കോൺഗ്രസ് കൗൺസിലർമാർ സൂചിപ്പിച്ചെങ്കിലും ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ എതിർത്തു. ബിജു മാത്യൂസ് വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ വന്നതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതോടെ കൗൺസിലർമാരെ കാണാൻ തീരുമാനിച്ചിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ അവസാന നിമിഷം തീരുമാനം മാറ്റി. സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാർ പല കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചന യു.ഡി.എഫ് നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല.

ഭരണം നഷ്ടപ്പെടാതിരിക്കാൻ തീവ്രശ്രമം

നഗരസഭ ഭരണം നഷ്ടപ്പെടാതിരിക്കാൻ പരമാവധി പരിശ്രമിക്കുമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം പ്രസ്താവനയിൽ പറഞ്ഞു. വിഷയം ഇത്രയും രൂക്ഷമായതിന് ശേഷം ആദ്യമായാണ് ഡി.സി.സി നേതൃത്വം പത്രക്കുറിപ്പ് പുറത്തിറക്കിയത്. ജനഹിതം അനുസരിച്ചാണ് കോൺഗ്രസ് വിട്ടുവീഴ്ചയും ത്യാഗവും ചെയ്ത് ഭരണസമിതി ഉണ്ടാക്കിയത്. പരസ്പരം കലഹിച്ച് അഞ്ചുമാസ കാലയളവിനുള്ളിൽ ഭരണനഷ്ടം വരുത്തുന്ന സാഹചര്യം അംഗീകരിക്കാനാകില്ല. കോൺഗ്രസ് കൗൺസിലർമാരുടെ ആത്മാഭിമാനം സംരക്ഷിച്ചും, പരാതികൾ പരിഹരിച്ചും ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ വേണ്ട നടപടികൾ കോൺഗ്രസ് സ്വീകരിക്കും. നേതൃത്വം കൈക്കൊള്ളുന്ന നിലപാട് അനുസരിക്കാൻ മുഴുവൻ കൗൺസിലർമാരും ബാദ്ധ്യസ്ഥരാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.

പ്രകോപന പ്രസ്താവനകൾ വേണ്ട

സമവായ ചർച്ചകൾ നടക്കുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനകൾ കൗൺസിലർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന കർശന നിർദ്ദേശവും ഡി.സി.സി നേതൃത്വം നൽകിയിട്ടുണ്ട്. മുന്നണിയിലെ ഇതര കക്ഷികൾക്കും ഇത് ബാധകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL