SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

യോഹന്റെ തൂലികയിൽ പിറന്നത് രണ്ട് ഇംഗ്ലീഷ് നോവലുകൾ

novel

പാലാ : സമപ്രായക്കാരെപ്പോലെ പന്ത്രണ്ടുകാരനായ യോഹൻ ജോസഫിനും മൊബൈലിൽ ഗെയിം കളിക്കലും, ടി.വി കാണലുമൊക്കെ പ്രിയപ്പെട്ടവ തന്നെയാണ്. എന്നാൽ ആഴ്ചയിൽ അഞ്ച് ദിവസം ഈ ഹോബികൾക്കൊക്കെ അവധി കൊടുത്ത് യോഹൻ ഇംഗ്ലീഷിൽ നോവലെഴുതും! ആദ്യ നോവൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രസിദ്ധീകരിച്ചതെങ്കിൽ ഇപ്പോഴിതാ ഏഴാം ക്ലാസിലെത്തിയപ്പോൾ രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി. 'അഡ്വെഞ്ചേഴ്‌സ് ഒഫ് ഡിയോ'. പാലാ പ്രവിത്താനം തോട്ടുപുറത്ത് കുടുംബാംഗമായ യോഹൻ ജോസഫ് ബിജുവിന്റെ നോവൽ സീരീസിലെ രണ്ടും മൂന്നും ഭാഗങ്ങൾ ചേർത്താണ് രണ്ടാമത്തെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ആദ്യ നോവലായ 'മിഷൻ ടു എ മിസ്റ്റീരിയസ് വില്ലേജ് ' എഴുതുമ്പോൾ തന്നെ തുടർന്നെഴുതാനുള്ള നോവൽ സീരിസിനെക്കുറിച്ച് യോഹന് വ്യക്തമായ ആശയമുണ്ടായിരുന്നു. ഈ രണ്ടുനോവലുകൾ ഒന്നിച്ചുചേർത്താണ് ഇപ്പോൾ കോഴിക്കോട് ആത്മബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ചുഭാഗങ്ങളായിട്ടാണ് നോവൽ പ്ലാൻ ചെയ്തിരിക്കുന്നത്. തുടർന്നുള്ള ഭാഗങ്ങൾ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചുകഥാകൃത്ത്. ചെറുപ്രായത്തിൽതന്നെ അരുന്ധതി റോയിയുടെ ഗോഡ് ഒഫ് സ്‌മോൾ തിംഗ്‌സും മലയാളിയായ അബ്രഹാം വർഗീസിന്റെ ഇംഗ്ലീഷ് നോവൽ കവനന്റ് വാട്ടറും യോഹൻ വായിച്ചുകഴിഞ്ഞു. ശശി തരൂരിന്റെ ദ ഗ്രേറ്റ് ഇന്ത്യൻ നോവലിന്റെ വിയനയിലാണ് ഇപ്പോൾ. ഒരേ സമയം പല പുസ്തകങ്ങൾ ഒരുമിച്ചുവായിക്കുന്നതാണ് രീതി.

വായനയിലൂടെ എഴുത്തിലേക്ക്

വായനയിലൂടെയാണ് യോഹൻ എഴുത്തിലേക്ക് തിരിഞ്ഞത്. അച്ഛൻ എഴുത്തുകാരനായ വിനായക് നിർമ്മലും, ചേട്ടൻ ഫ്രാൻസീസ് ലിയോ ബിജുവും വായിക്കുന്നതുകണ്ടാണ് താനും പുസ്തകങ്ങൾ വായിച്ചുതുടങ്ങിയതെന്ന് യോഹൻ പറയുന്നു. അങ്ങനെയാണ് ഹാരി പോട്ടർ പോലെയുള്ള നോവലുകൾ യോഹന് പ്രിയപ്പെട്ടവയായത്. വായിച്ച കൃതികളുടെ സ്വാധീനം ഈ കൊച്ചു കഥാകൃത്തിന്റെ നോവലുകളിലുണ്ടെങ്കിലും ഒരു എഴുത്തുകാരനെ തിരിച്ചറിയാൻ സഹായിക്കുന്ന സ്വന്തമായ ക്രാഫ്‌റ്റും, ഭാഷയും വ്യത്യസ്തനാക്കുകയാണ്. പാലാ ചാവറ പബ്ലിക് സ്‌കൂളിലാണ് പഠിക്കുന്നത്. അമ്മ ഷീജമോൾ തോമസ് അദ്ധ്യാപികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL