
കോട്ടയം : പെരുമഴക്കാലമാണ്. തസ്ക്കരൻമാർ റോന്തുചുറ്റുകയാണ്. ആദ്യം വീടുകൾ കണ്ടുവയ്ക്കും. പിന്നെ രാത്രിയിൽ കുത്തിത്തുറക്കും. കാലവർഷ ശക്തിയാർജ്ജിച്ചതോടെ ജില്ലയിൽ മോഷണവും പെരുകി. കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ മോഷണ ശ്രമം നടന്നു. ആളില്ലാത്ത വീടുകളും, ആരാധനാലയങ്ങളും, വ്യാപാരസ്ഥാപനങ്ങളുമാണ് മോഷ്ടാക്കൾ നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ ഇടങ്ങളിലാണ് മോഷണം നടന്നത്. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ സ്ഥിരം മോഷ്ടാക്കളെ കൃത്യമായി നിരീക്ഷിക്കാൻ പൊലീസ് തയ്യാറാകണമെന്നാവശ്യം. തുടർച്ചയായി പെയ്യുന്ന മഴയും വൈദ്യുതി ഇല്ലാത്തതും മോഷ്ടാക്കൾക്ക് സഹായകമാകുന്നു. കൂടാതെ, സി.സി.ടി.വികൾ ഇല്ലാത്ത പ്രദേശവും സംഘം പകൽ സമയം നോക്കിവയ്ക്കുന്നു. പുലർച്ചെ രണ്ടിനും നാലിനും ഇടയിലുള്ള സമയത്താണ് മോഷണങ്ങളേറെയും. സ്വർണ വില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ മോഷണ ശ്രമങ്ങൾക്ക് സാദ്ധ്യതയേറെയാണ്. അസമയത്ത് വീടിന് പുറത്ത് ആളനക്കമോ മറ്റ് ശബ്ദമോ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെയോ അയൽക്കാരെയോ അറിയിക്കണം.
സ്വർണം വീട്ടിൽ സൂക്ഷിക്കരുതേ
രാത്രി വീടിന് ചുറ്റും പ്രകാശം കിട്ടുന്ന രീതിയിൽ ലൈറ്റുകൾ ക്രമീകരിക്കുക
രാത്രി പുറത്ത് അസാധാരണ ശബ്ദം കേട്ടാൽ കതകു തുറക്കാതിരിക്കുക
പഴയ സാധനങ്ങൾക്കു വേണ്ടി വരുന്നവർക്ക് സാധനങ്ങൾ കൊടുക്കാതിരിക്കുക
വീടു പൂട്ടി പുറത്തുപോകുന്നവർ അയൽക്കാരെയും പൊലീസിനെയും അറിയിക്കുക
കമ്പിപ്പാര, പിക്കാസ് മുതലായ ആയുധങ്ങൾ വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക
അപരിചിതരിൽ കണ്ണുവേണം
അപരിചിതരായ സന്ദർശകർ, പിരിവുകാർ, യാചകർ, വീട്ടിൽ വരുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ തുടങ്ങിയവരെ ശ്രദ്ധിക്കുക.
''മുൻവശത്തെയും പിറകുവശത്തെയും വാതിലുകൾ ബലമുള്ളതാണെന്ന് ഉറപ്പുവരുത്തണം. മിക്കപ്പോഴും മുൻവാതിൽ ബലമുള്ളതും മോടിയുള്ളതുമാവും. എന്നാൽ അടുക്കള വശത്തെ വാതിൽ ബലമുള്ളതാവില്ല.
-റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |