
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്റ് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് വിട്ടുകൊടുക്കുന്ന വിഷയത്തെ ചൊല്ലി നഗരസഭ ഭരണപക്ഷത്ത് ചേരിപ്പോര് രൂക്ഷമായി.കോൺഗ്രസ് കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ചു. ഇനിയും സ്വതന്ത്രമുന്നണിയെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ തുറന്നടിച്ചതോടെ പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമാകാനും സാധ്യതയേറി. അതേസമയം കെ.ഡി.പിയുടെയും ജോസഫ് ഗ്രൂപ്പിന്റെയും കൗൺസിലർമാർ യോഗത്തിൽ ഇരുന്നു. ബസ് സ്റ്റാന്റ് ജില്ലാ സമ്മേളനത്തിന് വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും എന്നാൽ കൗൺസിലിലെ ഭൂരിപക്ഷ തീരുമാനപ്രകാരം കാര്യങ്ങൾ നടക്കട്ടേയെന്നും ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു. സ്വാഭാവികമായും പ്രതിപക്ഷത്തിനായി കൗൺസിൽ യോഗത്തിലെ മുൻതൂക്കം. ഇത്തവണകൂടി ഒരു യോഗത്തിന് ബസ് സ്റ്റാന്റ് വിട്ടുകൊടുക്കാനും മേലിൽ ഒരു പരിപാടിക്കും വിട്ടുകൊടുക്കരുതെന്നുമുള്ള നിർദ്ദേശത്തോടെ കൗൺസിൽ പിരിഞ്ഞു.
സി.പി.എമ്മുമായി അവിശുദ്ധസഖ്യം
സി.പി.എമ്മുമായി അവിശുദ്ധസഖ്യം പുലർത്തുന്ന സ്വതന്ത്രമുന്നണിയെ ഇനി പിന്തുണയ്ക്കാൻ ആത്മാഭിമാനം അനുവദിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി. കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാൻഡ് ഡി.വൈ.എഫ്.ഐ സമ്മേളനത്തിന് വിട്ടുകൊടുക്കരുത് എന്ന നിലപാട് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വിഷയം കൗൺസിലിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ കോൺഗ്രസ് നിലപാടിനെ അട്ടിമറി സമീപനമാണ് സ്വതന്ത്രമുന്നണി സ്വീകരിച്ചതെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കൗൺസിലർ ടോണി തൈപ്പറമ്പിൽ ആരോപിച്ചു. ബിനു പുളിക്കകണ്ടവും ലാലിച്ചൻ ജോർജും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ സഖ്യമാണ് പാലാ നഗരസഭയെ നിയന്ത്രിക്കുന്നതെന്നും ടോണി പറഞ്ഞു.
പാർട്ടി നിലപാട് നിർണായകം
സ്വതന്ത്രമുന്നണിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് കൗൺസിലർമാർ ആവർത്തിക്കുമ്പോഴും ജില്ലാ കോൺഗ്രസ് നേതൃത്വം ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല. ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും വിഷയത്തിൽ തീരുമാനമെടുക്കുകയെന്ന് കോൺഗ്രസ് ജില്ലാ നേതാവ് കേരള കൗമുദിയോട് പറഞ്ഞു. എടുത്തുചാടിയുള്ള ഒരു സമീപനവും സ്വീകരിക്കില്ലെന്ന് നേതാവ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |