
പൊൻകുന്നം: വെളിച്ചത്തിന്റെ കണികപോലുമില്ലെന്ന് പറയാം. സന്ധ്യമയങ്ങിയാൽ പൊൻകുന്നം എരുമേലി റോഡിലൂടെ യാത്ര ചെയ്യുന്നവർ അക്ഷരാർത്ഥത്തിൽ ഭയന്നുപോകും. വഴിവിളക്കുകളുണ്ട്. എന്ത് പ്രയോജനമെന്ന് ചോദിക്കരുത്. ഇല്ലെന്ന് പരിഹാസത്തോടെ ആരും പറയും. ശബരിമല തീർത്ഥാടകരുടെ പ്രധാന പാതയിലാണ് വഴിവിളക്കുകൾ പണിമുടക്കിയിരിക്കുന്നത്. ഇടയ്ക്ക് എപ്പോഴോ ചില വിളക്കുകൾ തെളിയും.ചിറക്കടവ്, കാഞ്ഞിരപ്പള്ളി,എരുമേലി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ കെ.വി.എം.എസ്.ആശുപത്രിവരെയുള്ള ഭാഗത്ത് ഒരുവിളക്കുപോലുമില്ല. ആശുപത്രിയിലേക്കടക്കം ഇതുവഴി നിരവധി യാത്രക്കാർ സഞ്ചരിക്കുന്നുണ്ട്. ഈ ഭാഗത്ത് കടകൾ കുറവായതിനാൽ സന്ധ്യകഴിഞ്ഞാൽ പ്രദേശത്ത് കൂരിരുട്ടാണ്.
ചിലപ്പോൾ ചാടിവീഴാം
തെരുവുനായ്ക്കളുടെ ശല്യമുണ്ട്. റോഡിനിരുവശവും കാടായതിനാൽ ഇഴജന്തുക്കളുമുണ്ട്. യാത്രക്കാർക്ക് ഇതുവഴി നടക്കാൻ ഭയമാണ്. വഴിവിളക്കുകളുടെ കാര്യത്തിൽ പഞ്ചായത്തുകൾ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |