
ചങ്ങനാശേരി: കിഴക്കൻ വെള്ളത്തിന്റെ വരവിൽ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിലെ ജലനിരപ്പ് ഇന്നലെയും മാറ്റമില്ലാതെ തുടരുന്നു. ഇതേത്തുടർന്ന് കൂടുതൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചു. മഴയ്ക്ക് ശമനമുണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് പമ്പയാറിന്റെയും മണിമലയാറിന്റെയും പ്രധാന കൈവഴികൾ ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളിലെ തോടുകളിൽ എത്തിക്കൊണ്ടിരിക്കുന്നത് എ.സി കനാൽ കരകവിഞ്ഞൊഴുകുന്നതിന് കാരണമാണ്. കനാലിന്റെ ആഴം കൂട്ടാനോ തിങ്ങി നിറഞ്ഞ പോള നീക്കാനോ ഇറിഗേഷൻ വകുപ്പോ, നഗരസഭയോ തയ്യാറാകാതിരുന്നതാണ് പടിഞ്ഞാറൻ മേഖലയെ വെള്ളത്തിൽ മുങ്ങുന്നതിന് കാരണമായത്. ആലപ്പുഴ- ചങ്ങനാശേരി റോഡിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് തടസമില്ല. എ.സി റോഡിൽ താഴ്ന്ന ഭാഗങ്ങളായ മനയ്ക്കച്ചിറ പൂവം, പാറയ്ക്കൽ കലുങ്ക്, കിടങ്ങറ പാലത്തിന് സമീപം എന്നിവിടങ്ങൾ വെള്ളത്തിലാണ്. ചങ്ങനാശേരി ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും വിവിധ സന്നദ്ധ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പായിപ്പാട് വേഷ്ണാൽ, മൂലേപുതുവൽ, നക്രാൽപുതുവൽ, അറുനൂറിൽപുതുവൽ, കോമങ്കേരിച്ചിറ, എടവന്തറ, എ.സി കോളനി, എ.സി റോഡ് കോളനി, കാവാലിക്കരിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലും വീടുകളിലും വെള്ളം താഴ്ന്നിട്ടില്ല. എ.സി റോഡിൽ നിന്ന് ഈ പ്രദേശങ്ങളിലെത്താൻ വാഹന ഗതാഗതം സാദ്ധ്യമല്ല. വെട്ടിത്തുരുത്ത്, തുരുത്തേൽ, പറാൽ, കുമരങ്കരി, നത്തനടിച്ചിറ, ഈരത്ര ഇഞ്ചൻതുരുത്ത്, ചാമ, തൂപ്രം, ചീരഞ്ചിറ, പുതുച്ചിറ, ഇരൂപ്പാ പാലത്തിനിരുവശവും, പെരുന്ന അട്ടിച്ചിറ കോളനിയിലും റെയിൽവേ പുറമ്പോക്ക്, വാലുമ്മേൽച്ചിറ, മഞ്ചാടിക്കര ഭാഗങ്ങളിലും കോണത്തോടി, മാടത്താനി എന്നിവിടങ്ങളിലെ വീടുകളും വെള്ളത്തിലാണ്. പറാൽ- കുമരംകരി റോഡ് ഒറ്റപ്പെട്ട നിലയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |