SignIn
Kerala Kaumudi Online
Saturday, 08 August 2026 12.56 PM IST

ജെൻസിക്കാർ താമസിക്കാൻ വീടുവാങ്ങുമോ ഇല്ലയോ, അവരുടെ തീരുമാനം ആരുടെ ജോലിയാണ് ഇല്ലാതാക്കുന്നതെന്ന് അറിയാമോ?

genz-
പ്രതീകാത്മക ചിത്രം

ജെൻസിക്ക് (Gen Z) വീടുവാങ്ങാൻ താൽപ്പര്യമുണ്ടോ? സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ള ചർച്ച ഇപ്പോൾ ഇതിനെക്കുറിച്ചാണ്. ജെൻസിക്കാർക്ക് തങ്ങളുടെ പണം വീടുകൾക്കുവേണ്ടി നിക്ഷേപിക്കാൻ തീരെ താത്പര്യമില്ലെന്നതാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. എന്നാൽ ഇതിൽ ഒരുതരത്തിലുള്ള അടിസ്ഥാനവും ഇല്ലെന്നാണ് മറ്റുചിലർ വാദിക്കുന്നത്. ജെൻസിക്കാർക്ക് താമസിക്കാൻ വീടുവേണമെന്ന ന്യായമാണ് അവർ നിരത്തുന്നത്. എന്നാൽ ഇത്തരം ഒരു ചർച്ചയുടെ ആവശ്യമേയില്ല എന്നാണ് കുറച്ചുപേരുടെ വാദം. ജെൻ സിയിൽ ഭൂരിഭാഗത്തിന്റെയും പ്രായം ഇരുപതുകളാണ്. ഈ പ്രായത്തിൽ ഫ്ളാറ്റുകളോ വീടുകളോ വാങ്ങുന്നവർ തീരെ കുറവാണ് എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ചർച്ചകൾ ഇങ്ങനെ പുരോഗമിക്കുകയാണെങ്കിലും അവരുടെ പ്രവണതകളിൽ പൊതുവായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. അക്കാര്യങ്ങൾ പരിശോധിക്കാം.

ചില പ്രവണതകൾ

ജെൻസിക്കാരു‌ടെ പ്രായം ഇരുപതുകളാണെങ്കിലും ഇപ്പോൾത്തന്നെ അവരിൽ ചില പ്രവണതകൾ രൂപപ്പെടുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഭാവിയിൽ വീടോ ഫ്ലാറ്റോ വാങ്ങുന്നതിനുവേണ്ടി പണം സമ്പാദിക്കുന്നത് ജെൻസിക്കാരിൽ കുറച്ചുപേർ മാത്രമാണ്. ഇതിന് സംസ്ഥാനങ്ങളുടെ അതിർവരമ്പുകളൊന്നും പ്രശ്നമേ ഇല്ല. റാഞ്ചിയിലെ ഇരുപത്തൊന്നുകാരനും മുംബയിലെ ഇരുപത്തൊന്നുകാരനും തികച്ചും വ്യത്യസ്തമായ സാമ്പത്തിക സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളുടെയും സാമ്പത്തിക നിലയിലെ അന്തരമാണ് ഇതിന് കാരണം. സാമ്പത്തിക അന്തരമുണ്ടെങ്കിലും രണ്ട് സംസ്ഥാനങ്ങളിലെയും ജെൻസിക്കാരുടെ സ്വപ്നങ്ങൾ ഒന്നുപോലെയാണ്. ഈ സ്വപ്നങ്ങളിൽ ഭവനവായ്പയ്ക്കുള്ള സ്ഥാനം തീരെ ചെറുതാണ്.

പെട്ടെന്ന് വേണം

പെട്ടെന്ന് വാങ്ങാൻ കഴിയുന്നതിനോടാണ് ജെൻസിക്കാർക്ക് താൽപ്പര്യം കൂടുതൽ എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള ട്രിപ്പ്, വിലകൂടിയാെരു ബാഗ് അങ്ങനെ മറ്റുള്ളവരെ കാണിക്കാൻ കഴിയുന്ന സാധനങ്ങൾക്കായി പണം മുടക്കാനാണ് ജെൻസിക്ക് താൽപ്പര്യമെന്നും അവർ പറയുന്നു. വർഷങ്ങൾ ഇഎംഐ അടച്ച് സ്വന്തമാക്കാവുന്ന ഒരു വീടിനോ ഫ്ലാറ്റിനോ വേണ്ടി പണം ചെലവഴിക്കുന്നതിനെക്കുറിച്ച് അവരുടെ ആലോചനയിലേ ഇല്ല.

വേണ്ടെന്നല്ല, സമയക്രമം മാറ്റി

ജെൻസികൾക്ക് വീട് വേണ്ടെന്നല്ല ഇതെല്ലാം അർത്ഥമാക്കുന്നതെന്നാണ് മറ്റുചില സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒരു പുനഃക്രമീകരണമാണ് ജെൻസി ആഗ്രഹിക്കുന്നത്. പഴയ തലമുറ ചെയ്തതുപോലെ ഒരു സ്ഥിരം ജോലി നേടുക, വായ്പയെടുത്ത് വീടുവാങ്ങുക,ഈ വീട് തങ്ങളുടെ മികച്ച ഒരു നിക്ഷേപമായി കണക്കാക്കുക എന്ന രീതി അപ്പാടെ മാറ്റി.

എന്നാൽ ജെൻസിക്കാർ തങ്ങളുടെ വരുമാനത്തിന്റെ കുറച്ചുഭാഗം ഇക്വി​റ്റി, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവയിലൂടെ റിയൽ എസ്​റ്റേ​റ്റ് വിപണിയിൽ നിക്ഷേപം നടത്തുന്നു. ഇതിലൂടെ ലഭിക്കുന്ന തുകകൊണ്ട് വാങ്ങാനാവുന്ന ഘട്ടത്തിൽ മാത്രമേ അവർ വീടുവാങ്ങുകയുള്ളൂ. അങ്ങനെ ഇഎംഐ എന്ന ദീർഘകാല ബാദ്ധ്യത അവർ ഒഴിവാക്കുന്നു. ആദ്യം സമ്പാദിക്കുക. പിന്നീട് വീട് വാങ്ങുക. വീട് ഇനി താമസിക്കാനുള്ള ഇടവും തങ്ങളുടെ ഏ​റ്റവും വലിയ നിക്ഷേപവുമായി അവർ കാണുന്നില്ല. മറിച്ച് വീട് താമസിക്കാനുള്ള ഒരിടം മാത്രമായാണ് അവർ കണക്കാക്കുന്നത്.

ബാധിക്കുന്നത് ആരെയൊക്കെ

ഇന്ത്യൻ സമ്പദ് വ്യസ്ഥയിൽ റിയൽ എസ്​റ്റേ​റ്റ് ഒരു ചെറിയ ഘടകമല്ല. നിലവിൽ രാജ്യത്തിന്റെ ജിഡിപിയിൽ ഏകദേശം 7 ശതമാനം മുതൽ 13 ശതമാനം വരെ റിയൽ എസ്​റ്റേ​റ്റ് മേഖലയുടെ സംഭാവനയാണുള്ളത്. 2047ഓടെ ഈ വിഹിതം 18 ശതമാനമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.കൃഷിക്ക് ശേഷം രാജ്യത്തെ ഏ​റ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന രണ്ടാമത്തെ മേഖലയാണ് റിയൽ എസ്​റ്റേ​റ്റ്. സിമന്റ്, സ്​റ്റീൽ, പെയിന്റ്, ഫർണിഷിങ്, ദിവസവേതനാടിസ്ഥാനത്തിലുള്ള നിർമാണ തൊഴിലാളികൾ തുടങ്ങിയവരുടെയെല്ലാം ഉപജീവനം യഥാർഥത്തിൽ എത്ര വീടുകൾ വിൽക്കപ്പെടുന്നു എന്നതിനെ ആശ്രയിയിച്ചാണിരിക്കുന്നത്. അതിനാൽ ആദ്യമായി വീട് വാങ്ങുന്നവർ അവരുടെ വാങ്ങൽ അഞ്ച് വർഷമോ പത്ത് വർഷമോ വൈകിപ്പിച്ചാൽ നിർമാണ മേഖലയുടെ വളർച്ചയും ഭവനവായ്പകളുടെ വളർച്ചയും മന്ദഗതിയിലാകും.ഇതിനൊപ്പം സ്​റ്റാമ്പ് ഡ്യൂട്ടിയിലൂടെയും മറ്റും സംസ്ഥാനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനവും കുറയും. എന്നാൽ വിപണിയിലേക്കുള്ള പണമൊഴുക്ക് കുറയുന്നില്ല. പണം ഓഹരികളിലും മറ്റും നിക്ഷേപിക്കുന്നതിലൂടെ പണം മറ്റൊരു വഴികളിലൂടെ ഒഴുകുകയാണ് ചെയ്യുന്നത്.

English Summary

Gen Z’s interest in buying homes is becoming a major topic of discussion, especially on social media. Many believe that younger people are increasingly reluctant to invest their money in buying houses and prefer other forms of investment instead.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GEN Z HOME BUYING, GEN Z HOUSING DECISION, HOME BUYING TRENDS, GEN Z JOBS IMPACT, GEN Z HOUSE PURCHASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360