
11 വർഷമായി പാർട്ടിയുടെ സോഷ്യൽ മീഡിയ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച അമിത് മാളവ്യയെ കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയ കൺവീനർ സ്ഥാനത്തുനിന്ന് ബിജെപി മാറ്റിയത്. പകരം 58കാരനായ ദീപക് മസ്കയെയാണ് നിയമിച്ചിരിക്കുന്നത്. പ്രീതി ഗാന്ധി, ശിവാനന്ദ് ദ്വിവേദി, അലോക് ഭട്ട്, അരുൺ യാദവ് എന്നിവരാണ് സഹ കൺവീനർമാർ.
ബിജെപിയുടെ നീക്കത്തിന് പിന്നിലെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി പാർട്ടിയുടെ സോഷ്യൽ മീഡിയ തന്ത്രങ്ങൾക്ക് ചുക്കാൻപ്പിടിച്ചിരുന്ന അമിത് മാളവ്യയെ നീക്കി പകരം ദീപക് മസ്കെയെ തൽസ്ഥാനത്ത് നിയമിച്ചതിന് പിന്നിൽ ബിജെപിയ്ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൾ പറയുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾ ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.
ബിജെപി പരമാവധി ശ്രമിച്ചിട്ടും സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാൻ സാധിച്ചിരുന്നില്ല. ഇത് സോഷ്യൽ മീഡിയ കൺവീനറായിരുന്ന അമിത് മാളവ്യയുടെ പരാജയമാണെന്ന അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു.
പാർട്ടിയിലെ പല മുതിർന്ന നേതാക്കളും അമിത് മാളവ്യയോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുകയും പ്രതിഷേധങ്ങളിൽ ബിജെപിയെ പ്രതിരോധിക്കുന്നതിന് പകരം യുവാക്കളെ ട്രോളാനാണ് മാളവ്യ ശ്രമിച്ചതെന്ന് വിമർശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി അമിത് മാളവ്യയെ മാറ്റി ദീപക് മസ്കെയെ നിയമിച്ചത്. ജെൻസിയെ കയ്യിലെടുക്കാൻ ദീപക് മസ്കെയ്ക്ക് സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.
ദീപക് മസ്കെ എന്നത് അധികമാരും കേട്ടിട്ടില്ലാത്ത പേരാണ്. എന്നാൽ ബിജെപിയുടെ ഡിജിറ്റൽ കോട്ടകളിൽ അദ്ദേഹത്തിന് വലിയ പ്രധാന്യവും പരിചയസമ്പത്തുമുണ്ട്. 1968ൽ ഛത്തീസ്ഗഡിലെ റായ്പൂരിലാണ് അദ്ദേഹത്തിന്റെ ജനനം.
രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ മസ്കെ സിമന്റ് ടെക്നോളജിയിൽ ഡിപ്ലോമയും കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. രസതന്ത്രം അദ്ധ്യാപകനായാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കാർഷിക മേഖലയിലേയ്ക്ക് തിരിഞ്ഞ അദ്ദേഹത്തിന് ജൈവകൃഷിയിലും വർഷങ്ങളുടെ പരിചയസമ്പത്തുണ്ട്.
ഡാറ്റ ശേഖരണത്തിലും വിശകലനത്തിലും പ്രത്യേകിച്ച് തിരഞ്ഞെടുപ്പുമായും സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മസ്കെയ്ക്ക് പ്രത്യേക താൽപ്പര്യമുണ്ടെന്നാണ് റിപ്പോർട്ട്. 2009 -ലാണ് മസ്കെയുടെ ബിജെപി പ്രവേശനം.
പാർട്ടിയുടെ ഐടി ആന്റ് സോഷ്യൽ മീഡിയ സെല്ലിൽ 15 വർഷക്കാലത്തെ പ്രവൃത്തിപരിചയമുണ്ട്. ബിജെപി മികച്ച വിജയം നേടിയ ബീഹാർ, ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ തിരഞ്ഞെടുപ്പുകളിൽ സോഷ്യൽ മീഡിയവഴിയുള്ള പ്രചാരണങ്ങളിൽ ചുക്കാൻ പിടിച്ചതും അദ്ദേഹമാണ്.
ഛത്തീസ്ഗഡ് മെഡിക്കൽ സർവീസസ് കോർപറേഷനിൽ ക്യാബിനറ്റ് പദവി വഹിച്ചിട്ടുള്ള ദീപക് മസ്കെ, നേരത്തെ സംസ്ഥാന ബിജെപിയുടെ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബോർഡ് ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ വർഷങ്ങളായി പാർട്ടിയിൽ സജീവമായിരുന്നിട്ടും അദ്ദേഹം ഇതുവരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.
അമിത് മാളവ്യയ്ക്ക് പകരക്കാരനായി ബിജെപിയുടെ സോഷ്യൽ മീഡിയ കൺവീനറായി ചുമതലയേൽക്കുമ്പോൾ ദീപക് മസ്കെയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ഏറ്റവും പ്രധാന വെല്ലുവിളി ജെൻസിയെ ബിജെപിയുമായി അടുപ്പിക്കുക എന്നതുതന്നെയാണ്.
നിയമന പ്രഖ്യാപനത്തിന് പിന്നാലെ യുവാക്കളുമായി എങ്ങനെ ഇടപഴകുമെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് റീൽസ് വഴിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുതുതലമുറ സോഷ്യൽ മീഡിയയിൽ സജീവമാണെന്നും അതുവഴി അവരിലേയ്ക്ക് എത്തുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇത് എത്രത്തോളം മസ്കെയ്ക്ക് പ്രാവർത്തികമാക്കാൻ സാധിക്കുമെന്നത് ഇപ്പോഴും വലിയൊരു ചോദ്യമാണ്. കാരണം നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രതിഷേധങ്ങളും അവരെ അടിച്ചമർത്താൻ ശ്രമിച്ച ആഭ്യന്തരവകുപ്പിന്റെ നടപടികൾക്കെതിരെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യങ്ങളെ മറിക്കടക്കുക എന്നത് അത്ര എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകൾ പറയുന്നത്.
ഇത്തരം വെല്ലുവിളികളെ മറികടന്ന് ദീപക് മസ്കെയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്നാണ് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
The BJP has removed Amit Malviya, who led its social media strategy for 11 years, as social media convenor. He has been replaced by 58-year-old Deepak Maskey. Preeti Gandhi, Shivanand Dwivedi, Alok Bhatt, and Arun Yadav have been appointed as co-convenors.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |