SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

തെരുവുനായ്ക്കളെ സുപ്രീംകോടതി പറഞ്ഞാലും കൊല്ലില്ല!

അക്രമകാരികളായ തെരുവുനായ്ക്കളുടെ കടിയേറ്റ് നാട്ടുകാർ ആശുപത്രികൾ കയറിയിറങ്ങി വശംകെട്ടിരിക്കുമ്പോൾ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാൻ
ആലോചിക്കുമെന്നാണ് ജില്ലാ വികസനസമിതി യോഗത്തിൽ കളക്ടർ പറഞ്ഞത്. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ സുപ്രീം കോടതി ഉത്തരവിറക്കി മാസങ്ങളായിട്ടും ഒരെണ്ണത്തിനെപ്പോലും കൊല്ലാതെ വീണ്ടും യോഗം വിളിക്കാൻ നോക്കുന്നവരെ
എന്തു വിളിക്കണമെന്നണ് ചുറ്റുവട്ടത്തിന് ചോദിക്കാനുള്ളത്.
കഴിഞ്ഞദിവസം കോട്ടയം നഗരത്തിലും സമീപസ്ഥലങ്ങളിലും ഒന്നര ഡസൻ ആളുകളെയാണ് പേവിഷബാധ സംശയിക്കുന്ന തെരുവുനായ കടിച്ചത്. ഈ നായയെ പിടികൂടിയെങ്കിലും അതിനെപ്പോലും കൊല്ലാൻ ആരും തയാറായില്ല. മറ്റു നിരവധി തെരുവുനായ്ക്കൾക്കും കടിയേറ്റതോടെ വിഷയത്തിൽ ഇരുട്ടിൽതപ്പുകയാണ് ജില്ലാ ഭരണകൂടം.
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവിറക്കി മാസങ്ങളായിട്ടും കോട്ടയത്ത് ഒരു തദ്ദേശ സ്ഥാപനത്തിലും ഒരു തെരുവുനായയെ പോലും കൊന്നിട്ടില്ല. തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വഴിയിൽ തിരിച്ചുവിടുന്നത് സുപ്രീംകോടതി തടഞ്ഞതോടെ ഇവയെ കൊല്ലുകയോ ഷെൽട്ടർ പണിത് പാർപ്പിക്കുകയോ മാത്രമാണ് ഇനി മുന്നിലുള്ള ഏകവഴി. പട്ടിപ്രേമികളുടെ സഹകരണം തേടാമെന്ന് കോടതി നിർദ്ദേശിച്ചിട്ടും ഇതിനുള്ള സൗകര്യമില്ലെന്നാണ് ബന്ധപ്പെട്ടവരുടെ ന്യായീകരണം പറച്ചിൽ. കോട്ടയം മെഡിക്കൽ കോളേജാശുപത്രി തെരുവുനായ്ക്കൾ അന്തേവാസികളായ ആശുപത്രിയായി ഏതാണ്ട് മാറി.
ജനവാസമേഖലകളെ ഒഴിവാക്കി വനമേഖലകളോട് ചേ‌ർന്ന് തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടറുകൾ പണിയാമെന്നൊക്കെ ചർച്ച ചെയ്തവരും ഇപ്പോൾ മിണ്ടുന്നില്ല.
പൊതു സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ , റെയിൽവേ സ്റ്റേഷൻ, കളി സ്ഥലങ്ങൾ തുടങ്ങിയവയുടെ പരിസരത്ത് നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്ന കോടതി നിർദ്ദേശം നടപ്പാക്കാൻ ആവശ്യത്തിന് ഫണ്ടില്ലെന്നാണ് പറയുന്നത്. വിഷയത്തിൽ പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സഹികെട്ട നാട്ടുകാർ എന്തെങ്കിലുമൊക്കെ ചെയ്തെന്നുവരും. അതിന് ഇടവരുത്തരുതെന്നാണ് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STREETDOGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL