SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

കംബോഡിയയിൽ തൊഴിൽതട്ടിപ്പിനിരയായ യുവാക്കൾ ഇന്ന് നാട്ടിലെത്തും

l
കംബോഡിയ തൊഴിൽത്തട്ടിപ്പിനിരയായ യുവാക്കൾ സോഷ്യൽ മീഡിയയിലൂടെ സഹായാഭ്യർത്ഥന നടത്തുന്നു.

വടകര : തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികൾ ഉൾപ്പെടെ ഏഴ് യുവാക്കൾ ഇന്ന് നാട്ടിൽ തിരിച്ചെത്തും. ഇന്ന് പുലർച്ചയോടെയാണ് കൊച്ചിയിൽ നിന്ന് വീടുകളിൽ എത്തിച്ചേരുക. തായിലൻഡിലെ പരസ്യകമ്പനിയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയ യുവാക്കളെ കംബോഡിയൻ കമ്പനിക്ക് മറിച്ചുവിൽക്കുകയായിരുന്നു എന്നാണ് ഇവർ അറിയിച്ചത്. മർദ്ദനവും വധഭീഷണിയും അതിജീവിച്ചാണ് രക്ഷപ്പെടൽ. മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗളൂരു സ്വദേശി റോഷൻ ആന്റണി എന്നിവരാണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നെടുമ്പാശ്ശേരി എയർപോർട്ടിൽ തിരിച്ചെത്തിയത്. മലേഷ്യ വഴിയുള്ള വിമാനത്തിലാണ് ഞായറാഴ്ച രാത്രി കൊച്ചിയിൽ എത്തിച്ചേർന്നത് .നെടുമ്പാശ്ശേരി പൊലീസ് ഇവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി.

തായ്‌ലൻഡിലെ ജോലി വാഗ്ദാനം വിശ്വസിച്ച് യുവാക്കൾ വിമാനം കയറുകയായിരുന്നു. എന്നാൽ കംബോഡിയയിലെ തട്ടിപ്പ് കേന്ദ്രത്തിലാണ് യുവാക്കളെ എത്തിച്ചത്. ഒക്ടോബർ നാലിനാണ് കംബോഡിയയിൽ എത്തിയത്. ഇവിടെ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിനിടെ ടാക്‌സി ഡ്രൈവറാണ് രക്ഷപ്പെടുത്തി ഇന്ത്യൻ എംബസിയിലെത്തിച്ചത്. ഒരു ലക്ഷം രൂപ വീതം വിസയ്ക്കായി ഏഴുപേരും നൽകുകയും ചെയ്തിരുന്നു. സൈബർ തട്ടിപ്പ് ജോലി ചെയ്യാൻ നിർബന്ധിക്കുകയും അതിന് താത്പ്പര്യമില്ലെന്ന് അറിയിച്ചപ്പോൾ ക്രൂരമായ മർദനത്തിനിരയാക്കിയതായും യുവാക്കൾ പറഞ്ഞു.

അതേസമയം കംബോഡിയയിൽ സൈബർതട്ടിപ്പുകാരുടെ സ്ഥാപനത്തിൽ അകപ്പെട്ട പേരാമ്പ്ര കൂത്താളി പനക്കാട് താഴെപുരയിൽ അബിൻ ബാബുവിനെ (25) തട്ടിക്കൊണ്ടുപോയതിന് നാലാളുകളുടെ പേരിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. തേക്കെമലയിൽ അനുരാഗ്, സെമിൽ എന്നിവരുടെയും കണ്ടാലറിയുന്ന രണ്ടാളുകളുടെയും പേരിലാണ് അബിൻ ബാബുവിന്റെ പിതാവ് ബാബുവിന്റെ പരാതിയിൽ കേസെടുത്തത്. അബിൻ ബാബുവിനെ കണ്ടത്താൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. ഷാഫി പറമ്പിൽ എം.പി വിദേശകാര്യ മന്ത്രിയുമായും ഇന്ത്യൻ എംബസിയുമായും സംസാരിച്ചു. യുവാക്കളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ എംഎൽഎ യും കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എയും സംസ്ഥാന സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും ബന്ധപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL