SignIn
Kerala Kaumudi Online
Tuesday, 06 October 2026 3.59 PM IST

ആയുർദൈ‌ർഘ്യത്തിലും പാകിസ്ഥാനെ 'വിഴുങ്ങി' ഇന്ത്യയുടെ കുതിപ്പ്: പിന്നിലെ കാരണം ഇതാണ്

life-expectancy
പ്രതീകാത്മക ചിത്രം

ആയുർദൈർഘ്യവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഒരു റിപ്പോർട്ടാണിപ്പോൾ ശ്രദ്ധേയമാകുന്നത്. റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാരുടെ ശരാശരി ആയുർദൈർഘ്യം പാകിസ്ഥാനേക്കാൾ ഉയർന്ന നിലയിലാണ്. 2023ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 71 വർഷമാണ്. പാകിസ്ഥാനിലാകട്ടെ ഇത് വെറും 68.2 വർഷം മാത്രമാണ്. അതായത് ഇന്ത്യക്കാരും പാകിസ്ഥാനികളും തമ്മിൽ ഏകദേശം 2.8 വർഷത്തെ വ്യത്യാസമുണ്ട്. എന്താണ് ഈ വ്യത്യാസത്തിന് പിന്നിലെ കാരണമെന്ന് പരിശോധിക്കാം.

വ്യത്യാസത്തിന് പിന്നിലെ കാരണം

ലോകാരോഗ്യസംഘടയുടെ റിപ്പോർട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം നേരിട്ട് വിശദീകരിക്കുന്നില്ലെങ്കിലും ചില ആരോഗ്യവിദഗ്ധർ ഇതിന് പിന്നിൽ ചില നിർണായകമായ ഘടകങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ആയുർദൈർഘ്യത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് നവജാത ശിശുക്കളുടെ മരണനിരക്കാണ്.

പാകിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോൾ കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിലും സ്ത്രീകളുടെ പ്രസവകാല സങ്കീർണതകൾ കുറയ്ക്കുന്നതിനും മെച്ചപ്പെട്ട പുരോഗതി കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിൽ നവജാത ശിശുക്കളുടെ മരണനിരക്ക് ഇപ്പോഴും വലിയൊരു വെല്ലുവിളിയാണ്. ദക്ഷിണേഷ്യയിൽ തന്നെ ശിശു മരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. 2014ൽ ഇന്ത്യ പൂർണമായും പോളിയോ മുക്തമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ലോകത്ത് ഇപ്പോഴും പോളിയോ വൈറസ് ബാധ നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ.

കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യ തകർച്ചയിൽ നിന്നും വേഗത്തിൽ കരകയറിയിരുന്നു. ശേഷം 2021ൽ 68.5 വയസായിരുന്ന ഇന്ത്യയുടെ ആയുർദൈർഘ്യം 2023 ആയപ്പോഴേക്കും 71 വർഷമായി ഉയർന്നു. തങ്ങളുടെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഒരു വിഹിതം ആരോഗ്യമേഖലയ്ക്കായി മാറ്റിവയ്ക്കുന്നതിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വ്യത്യാസമുണ്ട്. അതായത് ഇന്ത്യ ജിഡിപിയുടെ 3.3 ശതമാനം ആരോഗ്യമേഖലയ്ക്കായി ചെലവഴിക്കുമ്പോൾ പാകിസ്ഥാൻ 2.5 ശതമാനം മാത്രമാണ് ചെലവഴിക്കുന്നത്.

ആരോഗ്യപ്രവർത്തകരുടെ ആഭാവം

ഇന്ത്യയിൽ ഏകദേശം 700ലധികം മെഡിക്കൽ കോളേജുകളുണ്ട്. പ്രതിവർഷം ലക്ഷക്കണക്കിന് ഡോക്ടർമാരും നഴ്സുമാരുമാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നത്. എന്നാൽ പാകിസ്ഥാനിൽ ആവശ്യത്തിന് മെ‌‌ഡിക്കൽ കോളേജുകളില്ല, ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും ക്ഷാമം രാജ്യത്തെ ആരോഗ്യരംഗത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ ചികിത്സ ലഭിക്കാതെയും മറ്റും മാരകമായ രോഗങ്ങൾ കാരണം മരണപ്പെടുന്നവരുടെ എണ്ണവും ഏറെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മരണകാരണങ്ങൾ

ഇരു രാജ്യങ്ങളിലും മരണത്തിന് കാരണമാകുന്ന പ്രധാന വില്ലൻ ഹൃദ്രോഗങ്ങൾ തന്നെയാണ്. നേരത്തെ പകർച്ചവ്യാധികളാണ് മരണത്തിന് കാരണമായതെങ്കിൽ ഇന്ന് പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കാരണം മരണനിരക്ക് ഉയരുകയാണ്. പാകിസ്ഥാനിൽ ഹൃദ്രോഗങ്ങൾക്ക് പുറമെ ശിശുമരണ നിരക്കും ജനനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വലിയ വെല്ലുവിളിയാണ്.

ഇന്ത്യയിൽ ആകെ മരണങ്ങളുടെ ഏകദേശം 75 ശതമാനത്തിന്റെയും മരണകാരണങ്ങൾ സാംക്രമികേതര രോഗങ്ങളാണ്. രോഗങ്ങളില്ലാതെ ജീവിക്കുന്ന ആരോഗ്യകരമായ ആയുർദൈർഘ്യം ഇന്ത്യയിൽ 60.6 വർഷമാണെന്നും എന്നാൽ കേവിഡിന് ശേഷമുള്ള തിരിച്ചുവരവിൽ ജീവിതശൈലി രോഗങ്ങൾ ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ശിശു മരണനിരക്ക് കുറയ്ക്കാൻ സാധിച്ചതുമാണ് പാകിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ ആയുർദൈർഘ്യം ഉയരാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാൽ കൂടുതൽ കാലം ജീവിക്കുന്നുണ്ടെങ്കിലും പൂർണ ആരോഗ്യത്തോടെയാണോ എന്നാണ് വിദഗ്ധ‌ർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

English Summary

According to a WHO report, India’s average life expectancy in 2023 was 71 years, higher than Pakistan’s 68.2 years by about 2.8 years. However, India still lags behind neighbouring Bangladesh. The difference is linked to various factors such as healthcare, living conditions, nutrition, and socioeconomic development.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA, PAKISTAN, INDIA PAKISTAN LIFE EXPECTANCY COMPARISON, INDIA LIFE EXPECTANCY, WHY INDIANS LIVE LONGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360