പാമ്പുകളെ ഭയപ്പെടാത്തവർ വിരളമായിരിക്കും. വീടിന്റെ പരിസരത്തോ പറമ്പിലോ വഴിയരികിലോ അപ്രതീക്ഷിതമായി പാമ്പിനെ കണ്ടുമുട്ടുന്നത് ഇന്ന് അപൂർവ കാഴ്ചയല്ല. മൂർഖൻ, അണലി തുടങ്ങിയ വിഷപ്പാമ്പുകൾക്കൊപ്പം പെരുമ്പാമ്പ് ഉൾപ്പെടെയുള്ള വിവിധ ഇനം പാമ്പുകളും ജനവാസ മേഖലകളിലേക്ക് എത്തുന്ന സംഭവങ്ങളും പതിവാകുകയാണ്. പണ്ട് അധികം നാട്ടിലിറങ്ങാത്ത പെരുമ്പാമ്പിനെ പോലും ഇന്ന് വീടുകളുടെ പരിസരത്തും കൃഷിയിടങ്ങളിലുമെല്ലാം കാണുന്നത് സാധാരണമായിട്ടുണ്ട്.
വലിപ്പം കൊണ്ട് ഭീമനായ പെരുമ്പാമ്പ് എന്തൊക്കെയാണ് ഭക്ഷണമാക്കുന്നത് എന്നത് പലർക്കും കൗതുകമുള്ള കാര്യമാണ്. ഇരയെ വിഷം കുത്തിവച്ച് കൊല്ലുന്നതിന് പകരം ശരീരം ചുറ്റിവരിഞ്ഞ് ശ്വാസംമുട്ടിച്ചാണ് പെരുമ്പാമ്പ് കീഴടക്കുന്നത്. എലി, മുയൽ തുടങ്ങിയ ചെറിയ ജീവികൾ മുതൽ പക്ഷികൾ, കോഴി, താറാവ്, ആട് തുടങ്ങിയ താരമ്യേന വലിയ ഇരകളെയും സാഹചര്യത്തിനനുസരിച്ച് പെരുമ്പാമ്പ് ഭക്ഷണമാക്കാറുണ്ട്. എന്നാൽ നമ്മൾ ആരും പ്രതീക്ഷിക്കാത്ത ചില മൃഗങ്ങളെ പെരുമ്പാമ്പ് ആഹാരമാക്കാറുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം?
ഫ്‌ളോറിഡയിൽ ഒരു വീട്ടുവളപ്പിൽ കടന്നുകയറിയ, ഏകദേശം ഒമ്പത് അടി നീളമുള്ള ബർമീസ് പെരുമ്പാമ്പ് ആഹാരമാക്കിയത് വയലറ്റ് എന്ന് പേരുള്ള വളർത്തു മയിലിനെയായിരുന്നു. വീടിന്റെ പിൻവശത്തുള്ള വളപ്പിൽ പാമ്പ് കടന്നുകയറിയെന്ന വിവരം ഫ്‌ളോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷന്റെ പാമ്പ് പിടുത്ത വിദഗ്ധനെ അറിയിച്ചു. എന്നാൽ അദ്ദേഹം സ്ഥലത്തെത്തുമ്പോഴേക്കും ആ പാമ്പ് വയലറ്റിനെ ഭാഗികമായി വിഴുങ്ങിക്കഴിഞ്ഞിരുന്നു.
വലിയ പെരുമ്പാമ്പുകളുടെ ഭക്ഷണരീതി എത്രത്തോളം വിപുലവും വഴക്കമുള്ളതുമാണെന്നതിന്റെ ശ്രദ്ധേയമായ ഒരു ഉദാഹരണമാണ് ഈ സംഭവം. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയെ പെരുമ്പാമ്പുകൾ ഭക്ഷിക്കുന്നതായി ഫ്‌ളോറിഡയിലെ ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പാമ്പിന് വിഴുങ്ങാൻ അസാധ്യമെന്ന് തോന്നുന്ന ജീവികൾ പോലും ഇതിൽ ഉൾപ്പെടുന്നു.
പെരുമ്പാമ്പ് ചീങ്കണ്ണിയെ വിഴുങ്ങുന്നത് നമുക്ക് സങ്കൽപ്പിക്കാനാകുമോ? എന്നാൽ ഇക്കാര്യം ചില ഗവേഷകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളോറിഡയിലെ ബർമീസ് പെരുമ്പാമ്പുകളിൽ അമേരിക്കൻ ചീങ്കണ്ണിയുടെ അവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തിയിരുന്നു. 6 അടി നീളമുള്ള ചീങ്കണ്ണിയെ വിഴുങ്ങാൻ ശ്രമിച്ചതിന് ശേഷം ഏകദേശം 13 അടി നീളമുള്ള ഒരു പെരുമ്പാമ്പ് ചത്ത നിലയിൽ കണ്ടെത്തിയതായി പറയപ്പെടുന്നു. ആ ചീങ്കണ്ണിക്ക് ചുറ്റും പാമ്പിന്റെ ശരീരം വിണ്ടുകീറിയിരുന്നു.
ബർമീസ് പെരുമ്പാമ്പുകളിൽ നിന്ന് 'വൈറ്റ്‌ടെയിൽഡ് ഡിയർ' ഇനത്തിൽപ്പെട്ട മാനുകളുടെ അവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 2.65 കിലോഗ്രാം ഭാരമുള്ള മാനിനെ വിഴുങ്ങിയ സംഭവം ഇതിൽ ഉൾപ്പെടുന്നു. മറ്റൊരു പെരുമ്പാമ്പ് 16 കിലോഗ്രാം ഭാരമുള്ള ഒരു മാൻകുട്ടിയെ തിരികെ ഛർദ്ദിച്ചു കളയുകയുണ്ടായി. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം എന്താണെന്ന് വച്ചാൽ, 2016ൽ നടന്ന ഒരു പഠനത്തിൽ ഒരു ബർമീസ് പെരുമ്പാമ്പിനുള്ളിൽ കുറഞ്ഞത് മൂന്ന് 'വൈറ്റ്‌ടെയിൽഡ് ഡിയർ' മാനുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി എന്നതാണ്.
മുള്ളൻപന്നികളുടെ ശരീരത്തിലെ മുള്ളുകൾ കാരണം അവയെ ഇരയാക്കുന്നത് പാമ്പുകളെ സംബന്ധിച്ചിടത്തോളം അതീവ അപകടകരമായ ഒരു കാര്യമായി നമുക്ക് തോന്നിയേക്കാം. എന്നാൽ ഭീമൻ പെരുമ്പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, ബർമീസ്, ഇന്ത്യൻ വിഭാഗത്തിൽപ്പെട്ട പാമ്പുകൾ മുള്ളൻപന്നികളെയും ഇരയാക്കാറുണ്ടെന്നാണ്.
Pythons are increasingly observed in human-inhabited areas, demonstrating a remarkably diverse diet. Research highlights Burmese pythons in Florida consuming pet peacocks, alligators, and white-tailed deer. These large snakes also prey on porcupines, showcasing their ability to tackle unexpectedly large and challenging animals. This expands understanding of their adaptable feeding habits in residential zones.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |