SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

പൊലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്തു തീരുന്നു തൊണ്ടി വണ്ടികൾ

1
ചേവായൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് പിടിച്ചിട്ട വാഹനങ്ങൾ

കോഴിക്കോട്: തുരുമ്പെടുത്തും ഇഴജന്തുക്കൾ താവളമാക്കിയും പൊലീസ് സ്റ്രേഷൻ വളപ്പുകളിൽ നശിക്കുന്നത് കോടികളുടെ കസ്റ്റഡി വാഹനങ്ങൾ. വിവിധ കേസുകളിലും അപകടങ്ങളിലും പൊലീസും എക്സെെസും പിടിച്ചെടുക്കുന്ന തൊണ്ടിമുതലാണ് തുരുമ്പെടുത്ത് തീരുന്നത്. നഗരത്തിലെ സ്റ്റേഷനുകളിൽ മാത്രം ഇത്തരത്തിൽ 1000 ത്തോളം വാഹനങ്ങളുണ്ട്. ഓരോ സ്റ്റേഷനുകളിലും 200ലധികം വാഹനങ്ങൾ വരും. പ്രതികൾ ഉപേക്ഷിച്ചതുൾപ്പെടെ ഏറെയും ഇരുചക്രവാഹനങ്ങളാണ്. വർഷങ്ങളായി സ്റ്റേഷൻ വളപ്പിലും പരിസരത്തുമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ ഇപ്പോൾ ഇഴജന്തുകളുടെയും തെരുവുനായ്ക്കളുടെയും താവളമാണ്. റോഡരികിലെ വാഹനങ്ങൾ സാമൂഹിക വിരുദ്ധരും താവളമാക്കുന്നു. റോഡിരികിൽ പിടിച്ചിടുന്ന വാഹനങ്ങൾ ഗതാഗത തടസമുണ്ടാക്കുന്നതായും ആരോപണമുണ്ട്. ഇത്തരം വാഹനങ്ങളുടെ ടയറുകൾ, ബാറ്ററി, മ്യൂസിക് സിസ്റ്റം തുടങ്ങിയവ കളവുപോകുന്നത് നിത്യ സംഭവമാണ്. കൂട്ടിയിടുന്ന വാഹനങ്ങൾ തീപിടിത്തത്തിനും കാരണമാകുന്നു. വാഹനങ്ങൾ നീക്കം ചെയ്യാൻ സ്പെഷ്യൽ ടീമും, വേർതിരിച്ചുള്ള ഡാറ്റയും ഇല്ലാത്തതാണ് പൊലീസിന് തലവേദനയും പേരുദോഷവും ഉണ്ടാക്കുന്നത്.

 സർക്കാർ നിർദ്ദേശം കടലാസിൽ

പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതി ആവശ്യപ്പെട്ടാലല്ലാതെ കസ്റ്റഡിയിൽ സൂക്ഷിക്കരുതെന്ന സർക്കാർ നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ല. പിടിച്ചെടുത്ത വാഹനത്തിന്റെ ഫോട്ടോയെടുത്ത് രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കി കോടതിയിൽ എത്തിക്കണമെന്നാണ് നിർദ്ദേശം. കോടതി ആവശ്യപ്പെട്ടില്ലെങ്കിൽ വാഹനങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട. വിട്ടുകൊടുക്കാനാണ് നിർദ്ദേശമെങ്കിൽ രണ്ടുമാസത്തിനകവും ലേലത്തിൽ വിൽക്കാനാണെങ്കിൽ ആറുമാസത്തിനകവും നടപടി പൂർത്തിയാക്കണം.

നശിക്കുന്നത്

ഓട്ടോറിക്ഷ, കാർ, ലോറി, ടിപ്പർ, ടെമ്പോ ട്രാവലർ, ബസ്, ജീപ്പ്, ഇരുചക്രവാഹനങ്ങൾ

കേസുകൾ

1.കൈകാണിച്ച് നിർത്താത്ത വാഹനങ്ങൾ

2.ഡ്രൈവർ മദ്യപിച്ച് ഓടിച്ചവ

3.കുറ്റകൃത്യങ്ങളിൽ അകപ്പെട്ടവ

4.മണൽകടത്തിയ വാഹനങ്ങൾ

ലേലം ചെയ്യാൻ 487 വാഹനങ്ങൾ

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൾ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നത് 487 വാഹനങ്ങൾ. 30 വരെ ആരും അവകാശവാദം ഉന്നയിക്കാത്ത പക്ഷം, അൺക്ലെയിംഡ് വാഹനങ്ങളായി പരിഗണിച്ച് ഇ-ലേലം ചെയ്യും. അവകാശവാദം ഉന്നയിക്കുന്ന വ്യക്തിക്ക് രേഖകൾ സഹിതം അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഹാജരായി വാഹനം ഏറ്റെടുക്കാം. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstccommerce.com മുഖേനയാണ് കോഴിക്കോട് സിറ്റി പൊലീസ് ഇ-ലേലം നടത്തുക. വാഹനങ്ങളിൽ ഏതാനും കാറുകളും ഓട്ടോറിക്ഷയും ഒഴികെ എല്ലാം ഇരുചക്ര വാഹനങ്ങളാണ്.
ഫോൺ: 0495-2722673.

''വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. വാഹന ഉടമകളെ വിവരം അറിയിച്ചിട്ടുണ്ട്''-

അബ്ദുൾ വഹാബ്,​ അഡി.പൊലീസ് സൂപ്രണ്ടന്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL