കോഴിക്കോട്: വാഹന പുകപരിശോധന കൂടുതൽ കൃത്യമായതോടെ ആദ്യ ഘട്ടത്തിൽ വിജയിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയുന്നു. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോൾ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച കഴിഞ്ഞ മാർച്ച് മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 91 ശതമാനം വാഹനങ്ങളാണ് വിജയിച്ചത്. 9 ശതമാനം പരാജയപ്പെട്ടു. പുതിയ രീതിയിൽ 4,14,64450 വാഹനങ്ങൾ പരിശോധിച്ചപ്പോൾ 15,82388 എണ്ണം പരാജയപ്പെട്ടു. 3,98,82062 എണ്ണം പാസായി. നവംബറിൽ 8,69,865 വാഹനങ്ങൾ പരിശോധിച്ചതിൽ 72,428 വാഹനങ്ങളാണ് പരാജയപ്പെട്ടത്.
പരിവാഹൻ വെബ്സെെറ്റ് വഴി പരിശോധനയുടെ കൃത്യത വർദ്ധിച്ചതാണ് പല വാഹനങ്ങളും പരിശോധനയിൽ പരാജയപ്പെടാൻ കാരണം. നേരത്തെ പരിശോധനാകേന്ദ്രത്തിലെത്തുന്ന 99 ശതമാനം വാഹനങ്ങളും വിജയിച്ചിരുന്നു പരാജയപ്പെടുന്ന വാഹനങ്ങൾ സാങ്കേതിക തകരാറുകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കിയാണ് വിജയിക്കുന്നത്. കൃത്യമല്ലാതെ പരിശോധന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് കർശന നടപടി സ്വീകരിക്കുന്നുണ്ട്. 2021ലാണ് പുക പരിശോധന ഓൺലൈനിലേക്ക് മാറ്റിയത്. എന്നാൽ പലയിടത്തും വാഹനം ഹാജരാക്കുക പോലും ചെയ്യാതെ പരിശോധന വിജയിക്കുന്ന സ്ഥിതിയായിരുന്നു. തുടർന്ന്, 2024ൽ കർശന നിബന്ധനകളോടെ പരിവാഹൻ മുഖാന്തരം പരിശോധിക്കണമെന്ന് കേന്ദ്രം തീരുമാനമെടുക്കുകയായിരുന്നു.
കുടങ്ങുന്നത് കൂടുതലും
ഇരുചക്രവാഹനക്കാർ
നിശ്ചിത കാലയളവിൽ സർവീസ് ചെയ്യാത്തവരാണ് പുക പരിശോധനയിൽ കുടുങ്ങി വാഹനം നിരത്തിലിറക്കാൻ കഴിയാതെ വലയുന്നത് ഇതിൽ കൂടുതലും ഇരുചക്രവാഹനക്കാരാണ്. കാർബറേറ്ററുള്ള വാഹനങ്ങളാണ് പരാജയപ്പെടുന്നത്. ഇന്ധനജ്വലനത്തിൽ പോരായ്മയുള്ള വാഹനങ്ങൾ പുക പരിശോധനയിൽ പരാജയപ്പെടും. എയർഫിൽട്ടർ, സ്പാർക്ക് പ്ലഗ് എന്നിവയുടെ തകരാറും തടസമാകുന്നുണ്ട്. ഇവ കൃത്യമായ ഇടവേളകളിൽ മാറാതിരിക്കുമ്പോഴും, കാർബറേറ്ററിൽ അടവുണ്ടാകുമ്പോഴും മലിനീകരണത്തോത് കൂടും. പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടുമെത്തിച്ചാൽ മാത്രമാണ് പുകപരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കുക. പാസായില്ലെങ്കിൽ ഇൻഷ്വറൻസ് പരിരക്ഷ നഷ്ടമാകും. സർട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ 1500 രൂപ പിഴ നൽകേണ്ടിവരും.
വിജയ ശതമാനം ഇപ്പോൾ - 91, നേരത്ത - 99
പരിശോധിച്ച വാഹനങ്ങൾ - വിജയിച്ചത് - പരാജയപ്പെട്ടത്
4,14,64,450 - 3,98,82,062 - 15,82,388
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |