കോഴിക്കോട്: സി.പി.എമ്മിനെ വിമർശിച്ചിരുന്നെങ്കിലും എം.ടി.വാസുദേവൻ നായർ പാർട്ടിയെ തള്ളിപ്പറഞ്ഞിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ടി.പി വധക്കേസുമായി ബന്ധപ്പെട്ട് പല എഴുത്തുകാരും പാർട്ടിയെ കുറ്റപ്പെടുത്തി. ഒരുകൂട്ടം എഴുത്തുകാരുടെ ഒപ്പുശേഖരണത്തിൽ എം.ടി സഹകരിച്ചില്ല. വിമർശനമുണ്ടെങ്കിലും സി.പി.എമ്മില്ലാത്ത കേരളത്തെ സ്വപ്നം കാണാനാകില്ലെന്നാണ് എം.ടി പറഞ്ഞതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'എം.ടി ഒരു രാഷ്ട്രീയ വായന' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്ന എം.ടി പൊരുതിക്കൊണ്ടിരിക്കുന്ന സമൂഹത്തിന് വാക്കുകൾ കൊണ്ട് ഊർജ്ജമേകി. എക്കാലത്തും പുരോഗമനപരമായ നിലപാടെടുത്തു. ഫാസിസത്തിനെ എഴുത്തിലും പ്രസംഗത്തിലും വിമർശിച്ചു. അതിന്റെ പേരിൽ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയവാദികൾ അദ്ദേഹത്തെ മരണശേഷവും വേട്ടയാടി. ചാതുർവർണ്യം എത്ര സ്ത്രീവിരുദ്ധമാണെന്ന് രണ്ടാമൂഴത്തിലുണ്ട്. വിപ്ളവവും സ്ത്രീവിമോചനവും അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞുനിന്നു.
എം.ടിയുണ്ടാക്കിയ സാഹിത്യലോകത്തിനു പകരം വയ്ക്കാൻ ആർക്കുമാകില്ല. സാധാരണക്കാരായ മലയാളികളുമായും സംവദിക്കാൻ ഭാഷയെ പ്രാപ്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി.മോഹനൻ, കെ.പി.രാമനുണ്ണി, ഡോ. ഖദീജ മുംതാസ് തുടങ്ങിയവർ പ്രസംഗിച്ചു.
തുഞ്ചൻപറമ്പ് എം.ടി സ്മാരകം
തുഞ്ചൻപറമ്പാണ് എം.ടിക്കുള്ള എക്കാലത്തെയും സ്മാരകം. അതിനെ വികസിപ്പിക്കും. എം.ടിയുടെ പേരിൽ സ്മാരകങ്ങളോ സ്ഥാപനങ്ങളോ വേണ്ടെന്ന മകൾ അശ്വതിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എം.വി.ഗോവിന്ദൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |