കോഴിക്കോട്: സംസ്ഥാനത്ത് വന്യമൃഗശല്യം ഏറിയതോടെ മലയോര ജനത ഭീതിയിലാണ്. വയനാട്ടിൽ ആദിവാസി സ്ത്രീ രാധയെ കൊന്നുതിന്ന കടുവയെ ചത്തെങ്കിലും വന്യമൃഗഭീഷണി ഒഴിയുന്നില്ല. സംസ്ഥാനത്തിൻ്റെ മറ്റിടങ്ങളിലും വന്യമൃഗശല്യമുണ്ട്. വനംമന്ത്രി എ.കെ. ശശീന്ദ്രൻ കേരളകൗമുദിയോട് സംസാരിക്കുന്നു.
?വന്യജീവി ശല്യം തടയാനുള്ള മാസ്റ്റർ പ്ലാൻ വെെകുകയാണല്ലോ
ഹോട്ട് സ്പോട്ടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളെ ഏഴ് മേഖലകളാക്കി തിരിച്ച് പ്രത്യേകം ചർച്ച ചെയ്ത് പ്ലാനുണ്ടാക്കും. ഇതിനുള്ള പ്രവർത്തനം തുടങ്ങിയെങ്കിലും വയനാട് ഉൾപ്പെടെ വന്യജീവി ആക്രമണ പ്രശ്നങ്ങളുണ്ടായതിലാൽ അതിലാണിപ്പോൾ കൂടുതൽ ശ്രദ്ധ.
?വന്യജീവി ആക്രമണത്തിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന ആക്ഷേപമുണ്ടല്ലോ
കോടതിയും നിയമവും വന്യമൃഗങ്ങളെ കൊല്ലുന്നത് നിരുത്സാഹപ്പെടുത്തുകയാണ്. ഇത് രണ്ടും നോക്കാതെ സർക്കാരിന് പ്രവർത്തിക്കാനാകില്ല. പന്നിയാക്രമണത്തിൽ തമിഴ്നാട് നടപടിയെടുക്കുന്നതിന് മുൻപ് തന്നെ കേരളം 2022ൽ അക്രമകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റിന് അധികാരം കൊടുത്താണ്. ഇതിലൂടെ ആറായിരത്തോളം പന്നികളെ കൊന്നു. ചില പഞ്ചായത്തുകൾ അതിൽ താത്പര്യമെടുക്കുന്നില്ല.
?പന്നിവേട്ടയ്ക്ക് ഫണ്ടില്ലെന്ന് പഞ്ചായത്തുകൾ പറയുന്നു
ഒരു പഞ്ചായത്തിൽ ദിവസവും പന്നിവേട്ട നടത്തേണ്ടിവരുമോ?. വല്ലപ്പോഴും വേണ്ടിവരുന്നതിന് എത്ര ചെലവുവരും? വർഷത്തിൽ അരലക്ഷം രൂപയിലധികം വേണ്ടിവന്നേയ്ക്കാം. അത് തനത് ഫണ്ടിൽ നിന്നെടുക്കാനാകും. കൊല്ലാനും സംസ്കരിക്കാനുമായി പന്നിയൊന്നിന്ന് 2,500 രൂപ നൽകുന്നുണ്ട്. തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കും.
?പന്നിവേട്ടയ്ക്ക് പഞ്ചായത്ത് പ്രസിഡന്റിന് അധികാരം നൽകിയതിൽ വ്യക്തത വരുത്തണമെന്ന കോടതി നിർദ്ദേശമുണ്ടല്ലോ
ഭരണഘടനാപരമായി പഞ്ചായത്ത് മേധാവി പ്രസിഡന്റാണ്. എന്നാൽ ബന്ധപ്പെട്ട പ്രസിഡന്റിന്റെ പേര് വച്ച് നോട്ടിഫിക്കേഷൻ നടത്തണമെന്നാണ് ഹെെക്കോടതി പറയുന്നത്. പ്രസിഡന്റുമാർ മാറുന്നതിനാൽ ഇത് പ്രായോഗികമല്ലെന്ന് കോടതിയെ സർക്കാർ ബോദ്ധ്യപ്പെടുത്തും.
?വനനിയമ ഭേദഗതി ബില്ലിന്റെ തുടർനടപടികൾ
നിലവിലെ നിയമം തുടരും. തുറന്ന സമീപനത്തോടെയാണ് ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചത്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ജനങ്ങൾക്കും സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമുൾപ്പെടെ സമയം നൽകി.
?വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുമോ
കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കും. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്കുള്ള പത്ത് ലക്ഷത്തിൽ നാല് ലക്ഷം ദുരന്തനിവാരണ അതോറിട്ടിയിൽ നിന്ന് ലഭിക്കും. ആറ് മാസമായി മരിച്ചവർക്കുള്ള സഹായം കൃത്യമായി കൊടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |