കോഴിക്കോട്: റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചതോടെ ഇന്ന്മുതൽ റേഷൻ സാധനങ്ങളുടെ വിതരണം തുടങ്ങും. റേഷൻ കടകളിൽ സാധനമെത്തിച്ചിരുന്ന കരാറുകാർ ജനുവരി ഒന്നു മുതൽ തുടങ്ങിയ സമരം കഴിഞ്ഞ ശനിയാഴ്ച പിൻവലിച്ചെങ്കിലും റേഷൻ വ്യാപാരികളുടെ സമരത്തെ തുടർന്ന് വിതരണം നടത്തിയിരുന്നില്ല. സഹകരണ സംഘങ്ങൾ നടത്തുന്ന ഏതാനും റേഷൻ കടകളിലേക്ക് ഇന്നലെ മുതൽ തന്നെ സാധനങ്ങൾ വിതരണം ചെയ്തെന്ന് വിതരണക്കാർ പറഞ്ഞു. ഓരോ മാസവും പത്താം തീയതിയും ഇരുപതാം തീയതിയുമായാണ് വ്യാപാരികൾക്ക് കരാറുകാർ സാധനങ്ങളെത്തിക്കുക. പത്താം തീയതിയിലേത് നടപ്പുമാസത്തേയ്ക്കും ഇരുപതിലേത് തൊട്ടടുത്ത മാസത്തേയ്ക്കുമുള്ളതാണ്. കരാറുകരുടെ സമരത്തെ തുടർന്ന് ജനുവരിയിൽ ഈ രണ്ടു വിതരണവും നടന്നിട്ടില്ല. ഇതെങ്ങനെ നടത്തുമെന്ന് സിവിൽ സപ്ലെെസ് വകുപ്പ് തീരുമാനിക്കും.
പൂർണ്ണമായും കാലിയായ കടകളിൽ ഇന്നു മുതൽ സാധനങ്ങളെത്തിത്തുടങ്ങുന്നത് ആശ്വാസമാകും. ജില്ലയിൽ 952 റേഷൻകടകളാണുള്ളത്.
ഒക്ടോബർ, നവംബർ മാസങ്ങളിലെ കുടിശ്ശിക തീർത്തുകൊടുക്കാമെന്ന വ്യവസ്ഥയിലാണ് ജനുവരി ഒന്നു മുതൽ വാതിൽപ്പടി വിതരണക്കാർ (കരാറുകാർ) നടത്തിവന്ന സമരം പിൻവലിച്ചത്. സാധനങ്ങളെത്തിയില്ലെങ്കിലും ഇവരുടെ സമരകാലത്ത് റേഷൻകടകൾ തുറന്നിരുന്നു. എന്നാൽ ഇന്നലെ മുതൽ കടകളടച്ചതോടെയാണ് സർക്കാർ ഇടപെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |