വരുന്നത് മിന്നു മണിക്കും സജന സജീവനും ശേഷം
കൽപ്പറ്റ: മിന്നു മണിക്കും സജന സജീവനും ശേഷം ക്രിക്കറ്റിൽ അഭിമാനനേട്ടവുമായി ജോഷിതയും. മൂന്ന് വർഷങ്ങൾക്കുള്ളിലാണ് മൂന്ന് താരങ്ങൾ ഇന്ത്യൻ ടീമിൽ എത്തുന്നത്. ഇതിൽ മിന്നുമണിയും സജന സജീവനും ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടിയവരാണ്. വൈകാതെ ജോഷിതയും സീനിയർ ടീമിൽ എത്താൻ ഇടയുണ്ട്. കൃഷ്ണഗിരിയിലെ ജില്ലാക്രിക്കറ്റ് സ്റ്റേഡിയം യാഥാർത്ഥ്യമായശേഷമാണ് ഈ താരങ്ങളെ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിക്കാൻ വയനാടിന് കഴിഞ്ഞത്. സി.എം.സി നജ്ല ഉൾപ്പെടെ മികച്ച മികച്ച താരങ്ങൾ കളിച്ചു വളർന്നത് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നിന്നാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ഏതു ലക്ഷ്യവും കൈവരിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ക്രിക്കറ്റ് സ്റ്റേഡിയം.
2013 ഡിസംബർ 17ന് ആണ് സ്റ്റേഡിയം യാഥാർത്ഥ്യമായത്. 12 വർഷങ്ങൾക്കുള്ളിൽ തന്നെ സ്വപ്നതുല്യമായനേട്ടമാണ് കൈവരിച്ചത്. ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഉയരം കൂടിയ സ്റ്റേഡിയമാണിത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയം സ്ഥാപിച്ചത്. തുടക്കത്തിൽ കൂടുതൽ മത്സരങ്ങൾ നടത്തി സ്റ്റേഡിയം പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 2014 ഡിസംബറിൽ നടന്ന രഞ്ജി ട്രോഫി മത്സരങ്ങളായിരുന്നു ആദ്യത്തെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ. കേരളവും ഗോവയും തമ്മിലായിരുന്നു ആദ്യ മത്സരം. പിന്നീട്‌കേരളവും ഹൈദരാബാദും തമ്മിലുള്ള മത്സരവും നടന്നു. രണ്ടുവർഷങ്ങൾക്കുള്ളിൽ തന്നെ ആദ്യത്തെ രാജ്യാന്തര ടെസ്റ്റ് മത്സരവും നടന്നു. അമ്പാട്ടി റായുഡു നയിച്ച ഇന്ത്യ എ ടീമും ഡെയിൻ വിലസിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു മത്സരം.
വിവിധ പ്രായക്കാരായ നിരവധി കുട്ടികൾ ക്രിക്കറ്റ് ക്യാമ്പിൽ പരിശീലിക്കുന്നുണ്ട്. സ്റ്റേഡിയത്തിൽ ഫ്ളഡ് ലൈറ്റുകൾ കൂടി സ്ഥാപിച്ചതോടെ ഇപ്പോൾ രാത്രിയിലും പരിശീലനം നടത്താൻ കഴിയും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയാൽ ഏത് സ്വപ്നങ്ങളും കൈവരിക്കാൻ കഴിയുമെന്നതിന്റെ തെളിവുകൂടിയാണ് ജില്ലാ ക്രിക്കറ്റ് സ്റ്റേഡിയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |