SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

കടലാസിലൊതുങ്ങി റോഡ് സുരക്ഷ; ഉണരാതെ അധികൃതർ

ranjith
രഞ്ജിത്ത്

രഞ്ജിത്തിൻ്റെ ജീവനെടുത്തത് അലംഭാവം

കോഴിക്കോട്: ദേശീയപാത വികസപ്പിക്കാനായി നിർമ്മാണ പ്രവർത്തനം നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടിയുമെടുക്കാം. എന്നിട്ടും മാനദണ്ഡങ്ങൾക്ക് പുല്ലുവില! കടലാസിലൊതുങ്ങുകയാണ് മാനദണ്ഡങ്ങൾ. അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ അലംഭാവമാണ്

ഒരു കുടുംബത്തിൻ്റെ അത്താണിയായ രഞ്ജിത്തിൻ്റെ ജീവനെടുത്തത്. ദേശീയപാത ചേവരമ്പലം നേതാജിനഗർ ജംഗ്ഷനിലാണ് മൊകവൂർ തിരുത്തിക്കുന്നത്ത് മാലക്കൽ വീട്ടിൽ രഞ്ജിത്ത് മരിച്ചത്. ഭക്ഷണവിതരണക്കമ്പനി ജീവനക്കാരനായ രഞ്ജിത്ത് ഭക്ഷണവുമായി പോകുമ്പോഴാണ് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ബെെക്കുമായി അഴുക്കുചാൽ കുഴിയിൽ വീണ് മരിച്ചത്. കുഴിയും റോഡും തമ്മിൽ വേർതിരിക്കാൻ ബാരിക്കേഡുണ്ടായിരുന്നില്ല. അപ്പുറത്ത് റോഡുണ്ടെന്ന് രഞ്ജിത്ത് കരുതിയിരിക്കാം.സ്ഥലത്ത് തെരുവുവിളക്കില്ലാത്തതിനാൽ വെളിച്ചക്കുറവുമുണ്ടായിരുന്നു. സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് അധികൃതർ. ഞങ്ങളുടെ പാതയല്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. സുരക്ഷ പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് റോഡ് സുരക്ഷാ അതോറിറ്റി. അപകടസ്ഥലം സുരക്ഷിതമാക്കുമെന്ന് ദേശീയപാത അതോറിറ്റി. കോൺക്രീറ്റ് ബാരിക്കേഡുകൾ കരാറുകാർ കൊണ്ടുവച്ചതാകട്ടെ രഞ്ജിത്തിൻ്റെ മരണശേഷവും.

ആറുവരിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ സൂചനാ ബോർഡുകളില്ലാത്തത് രണ്ട് കൊല്ലം മുമ്പ് ദേശീയപാത അതോറിറ്റി ചർച്ച ചെയ്തതാണ്. മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ റോഡ് സുരക്ഷാ കൗൺസിലിനും എൻഫോഴ്സ്മെന്റ് ആർ.ടി.ഒമാർക്കും കൂടുതൽ അധികാരം നൽകാനും തീരുമാനിച്ചെങ്കിലും വേണ്ടവണ്ണം നടന്നില്ല.


അപകടമുണ്ടാക്കും ഇവയും

അലക്ഷ്യമായി വലിച്ചിട്ടുള്ള കേബിളുകൾ

സുരക്ഷാ ഭീഷണിയുള്ള ഫുട്‌പാത്തുകൾ

സുരക്ഷാ വേലികളില്ലാത്ത ട്രാൻസ്‌ഫോർമറുകൾ

അറ്റകുറ്റപ്പണിക്ക് ശേഷം വൃത്തിയാക്കാത്ത റോഡുകൾ

സഹായം ചെയ്തു; ബാദ്ധ്യതയുമായി

പരോപകാരിയായിരുന്നു രഞ്ജിത്ത്. ആ നിലയ്ക്ക് കുറേ പണം നഷ്ടമായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിദേശത്തായിരുന്നെങ്കിലും ഒന്നും മിച്ചം വയ്ക്കാനായില്ല. വീട് വിൽക്കേണ്ടിവന്നു. ബാദ്ധ്യത തീർക്കാൻ രാപകൽ അദ്ധ്വാനിച്ചു. പകൽ നെസ്ലെ കമ്പനിയിലും രാത്രി സ്വിഗ്ഗിയിലും ജോലി ചെയ്തു. കഠിനാദ്ധ്വാനം ചെയ്ത് ബാദ്ധ്യതകൾ തീർക്കാനുള്ള നെട്ടോട്ടത്തിനിടെയായിരുന്നു അപകടം.

പ്രധാനം, നാല് ഓഡിറ്റ്

റോഡ് നിർമ്മിക്കുമ്പോഴും നവീകരിക്കുമ്പോഴും നാല് സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യ ഓഡിറ്റ് പ്രവൃത്തിക്ക് മുമ്പാണ് നടത്തേണ്ടത്. ഇടുങ്ങിയ റോഡ്, പാലം, കയറ്റം, ഇറക്കം തുടങ്ങി അപകടമേഖലകളിൽ അതൊഴിവാക്കാൻ നടപടിയെടുക്കണം. നിർമ്മാണവേളയിൽ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കലാണ് അടുത്തപടി. നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഒന്നുകൂടി സുരക്ഷ വിലയിരുത്തണം. ഗതാഗതത്തിന് തുറന്നുകൊടുത്ത ശേഷം വീണ്ടും വിലയിരുത്തി പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL