കോർപ്പറേഷന്റെ കഠിനശ്രമത്തിലാണ് കോഴിക്കോട് യുനസ്കോയുടെ 'സാഹിത്യ നഗരം' ആയത്. ഈ പദവി നേടുന്ന രാജ്യത്തെ ആദ്യനഗരം കൂടിയാണ് കോഴിക്കോട്. ബഷീറും എസ്.കെയും എം.ടിയും കെ.ടി മുഹമ്മദുമാെക്കെയടങ്ങുന്ന സാഹിത്യ പ്രതിഭകളുടെ സംഭാവനയും പ്രൗഢമായ സാഹിത്യോത്സവങ്ങളും വിവിധ സംഘടനകളുടെ സാംസ്കാരിക പരിപാടികളുമൊക്കെ ഈ നേട്ടത്തിന് അടിത്തറയായി. ഇതെല്ലാമാണെങ്കിലും സാംസ്കാരിക പരിപാടികൾ കുറഞ്ഞ ചെലവിൽ നടത്താൻ ഇടമില്ലാതെ ഓടുകയാണ് സാംസ്കാരിക സംഘടനകൾ. ഉള്ളയിടങ്ങളെല്ലാം കൊട്ടിയടച്ചു. പുതിയവ ഇല്ലതാനും. കേരളകൗമുദി നടത്തുന്ന അന്വേഷണം 'അടയുന്ന സാംസ്കാരിക ഇടങ്ങൾ' ഇന്നു മുതൽ
ഫെബ്രുവരി മൂന്നിന് ടൗൺഹാൾ പരിസരത്തു കൂടി പോയവരെല്ലാം അത്ഭുതപ്പെട്ടു. ഹാളിനകത്ത് നടത്തേണ്ട പാട്ടും നാടകവുമൊക്കെ പുറത്ത് !. ചെറിയ സമയമല്ല, രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ. ഇതെന്താ കലാകാരന്മാരെ കോർപ്പറേഷൻ ആട്ടിപ്പുറത്താക്കിയോയെന്ന് പലരും സംശയിച്ചു. ഒരർത്ഥത്തിൽ ശരിയാണ്. നാലു മാസം മുമ്പ് നവീകരണത്തിനായി അടച്ച ടൗൺഹാൾ ഇതേവരെ തുറന്നിട്ടില്ല. ഒമ്പതിന് തുറക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഉറപ്പില്ല. സാംസ്കാരിക പരിപാടികൾക്ക് ഇടമില്ലാതാകുന്നതിന് എതിരെയുള്ള സർഗാത്മക പ്രതിഷേധമായിരുന്നു ടൗൺഹാളിന് മുന്നിൽ അരങ്ങേറിയത്. കോർപ്പറേഷൻ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് സംഘടനകളുടെ സംയുക്തവേദിയുടെ മുന്നറിയിപ്പ് . ടാഗോർ ഹാളിനു സമീപം താത്കാലിക വേദിയൊരുക്കി പ്രശ്നപരിഹാരത്തിന് കോർപ്പറേഷൻ ശ്രമിച്ചെങ്കിലും 500 പേർക്ക് ഇരിക്കാവുന്ന താത്കാലിക വേദിയ്ക്ക് ടൗൺഹാളിന്റെ വാടക!.
വലിയ വാടകയാണെങ്കിലും ചില സംഘടനകൾക്ക് ടാഗോർ ഹാളിൽ പരിപാടി നടത്താനാകുമായിരുന്നു. അത് രണ്ടര വർഷം മുമ്പ് അടച്ചതാണ്. മൂന്നു നിലകളുള്ള ആധുനിക സൗകര്യമുള്ള കോംപ്ലക്സാണ് അവിടെ വരികയെന്ന് പറയുന്നു. എന്നാൽ പുതുമോടി വരുന്നതോടെ ടൗൺഹാളിനും ടാഗോർ ഹാളിനും വാടകയിനത്തിലും മോടി കൂടും. അതായത് ഇവിടങ്ങളിൽ പരിപാടികൾ നടത്തി യിരുന്ന സാമ്പത്തികമായി ഭേദപ്പെട്ട സംഘടനകളും പുറത്താകുമെന്ന് ചുരുക്കം.
ടാഗോർ ഹാൾ വാടക (അടച്ചിടുന്നതിന് മുമ്പ്)
(സാംസ്കാരിക പരിപാടികൾക്ക്)
48,205 (ഒരു ദിവസം)
27,794 (അര ദിവസം)
1,14250 (വിവാഹത്തിന്)
ടൗൺഹാൾ വാടക
3,714 (ഒരു ദിവസം)
(നാളെ: വാതിൽ അടച്ചോളൂ, ജനലെങ്കിലും തുറക്കൂ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |