SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

ചുട്ടുപൊള്ളുന്നു, താപനില 33-35

sun
ചുട്ടുപൊള്ളുന്നു

കോഴിക്കോട് : ഫെബ്രുവരി ആയിട്ടേയുള്ളൂ, പക്ഷേ, ദിവസവും ചൂട് കൂടി കൂടി വരികയാണ്. പകൽ 11 ആകുമ്പോഴേക്കും ചൂട് കഠിനമാകും. വെെകിട്ട് മൂന്നുമണിയെങ്കിലും ആവണം അൽപം കുറയാൻ. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ പകൽ താപനില ഉയരുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ അനുഭവപ്പെട്ടത് 33-35 ഡിഗ്രി സെൽഷ്യസാണ്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. കുട്ടികൾ, വയോജനങ്ങൾ, വെയിലത്ത് ജോലി ചെയ്യുന്നവർ, വളർത്തുമൃഗങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായി വിശദമായ ജാഗ്രതാ നിർദ്ദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം ഉഷ്ണതരംഗ ജാഗ്രത നിർദ്ദേശങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. വയോജനങ്ങൾക്ക് സൂര്യാഘാതത്തെക്കുറിച്ച് ബോധവത്കരണം നൽകാൻ ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കണമെന്നും പൊതുവിളംബര സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. കനത്ത ചൂട് ഉണ്ടാക്കാനിടയുള്ള മാനസിക സംഘർഷം നേരിടാൻ കൃത്യമായ നിർദ്ദേശങ്ങൾ ഉത്തരവിലുണ്ട്. വേനൽചൂട് കനത്തതോടെ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ ഏറിവരികയാണ്. തീപിടിത്ത സാദ്ധ്യതയുമുണ്ട്.

ജാഗ്രത നിർദ്ദേശങ്ങൾ

-പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
-ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
-നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.
-അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, പാദരക്ഷ എന്നിവ ഉപയോഗിക്കുക
-പഴം, പച്ചക്കറി, ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക.

-സൺസ്ക്രീൻ ഉപയോഗിക്കുക.

വളർത്തുമൃഗങ്ങളെയും കരുതണം

കടുത്ത വേനലിൽ വളർത്തുമൃഗങ്ങൾക്ക് സൂര്യതാപവും സൂര്യാഘാതവും ഏൽക്കാനുള്ള സാദ്ധ്യതയേറെയാണ്. മുൻവർഷങ്ങളിൽ സംസ്ഥാനത്ത് നിരവധി കന്നുകാലികൾ സൂര്യാഘാതമേറ്റ് ചത്തിട്ടുണ്ട്. ഉയരവും വായുസഞ്ചാരവും കുറഞ്ഞ, തകര, ആസ്ബറ്റോസ് ഷീറ്റുമേഞ്ഞ തൊഴുത്തിൽ കാലികളെ പാർപ്പിക്കുന്നത് ഒഴിവാക്കണം. പശുക്കളെ വാഹനത്തിൽ കയറ്റിയുള്ള ദീർഘയാത്രകൾ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം. തൊഴുത്തുകളിൽ വായുപ്രവാഹം ഉണ്ടാവാൻ ഫാനുകൾ ക്രമീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL