കോഴിക്കോട്: ജില്ലയിൽ ഈ മാസം 21 വരെ നടക്കുന്ന ക്ഷേത്രോത്സവങ്ങളിൽ ഒരാനയെ എഴുന്നള്ളിക്കാൻ അനുമതി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരുമാനം. മുൻകൂർ അനുമതി ലഭിച്ചവരായിരിക്കണം. നിബന്ധനകൾക്ക് വിധേയമായിരിക്കണമെന്നും നിർദ്ദേശമുണ്ട്. ജില്ലയിൽ നിന്നുള്ള ആനകളെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂ. നിലവിൽ അനുമതി നൽകിയ സ്ഥലങ്ങളിൽ ഫോറസ്റ്റ്, ഫയർ ഫോഴ്സ്, പൊലീസ് തുടങ്ങിയവർ പരിശോധന നടത്തും. ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ആനകളെ ദേശവരവ്, എഴുന്നള്ളിപ്പ് എന്നിവയ്ക്ക് പാടില്ല. തുടർന്നുള്ള അനുമതി 21ന് ചേരുന്ന മോണിറ്ററിംഗ് കമ്മിറ്റി തീരുമാനമെടുക്കും. എഴുന്നള്ളിപ്പ് നടത്തുന്ന അമ്പല കമ്മിറ്റികൾ ഒരു മാസം മുമ്പ് ഉടമസ്ഥാവകാശം, ഇൻഷ്വറൻസ്, ഡാറ്റ ബുക്ക് തുടങ്ങിയ രേഖകൾ ഹാജരാക്കണം. പടക്കങ്ങൾ ഉപയോഗിക്കും മുമ്പ് ആനകളെ ബന്ധിച്ചിരിക്കണം. അമ്പല കമ്മിറ്റികൾ ഉത്സവ പരിസരത്തെ പഴകിയ കെട്ടിടങ്ങളിൽ ആളുകൾ കൂടി നിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. നിലവിൽ രജിസ്ട്രേഷൻ ഫോം പരിഷ്കരിച്ച് പുതുക്കിയത് ലഭ്യമാക്കാനും മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് താലൂക്ക് തലത്തിൽ റേഞ്ച് ഓഫീസർ, തഹസിൽദാർ, അഗ്നിശമന സേന ഓഫീസർ, പൊലീസ്, വെറ്ററിനറി ഓഫീസർ എന്നിവരെ ഉൾപ്പെടുത്തി സബ് കമ്മിറ്റികൾ രൂപീകരിക്കാനും യോഗം നിർദ്ദേശിച്ചു. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കാര്യങ്ങളിൽ അമ്പല കമ്മിറ്റികൾക്കാകും ചുമതല. മാർച്ച് ആദ്യ വാരം മുതൽ സബ് കമ്മിറ്റി നിശ്ചയിക്കുന്ന പുതുക്കിയ നിബന്ധനകൾ അടിസ്ഥാനമാക്കിയായിരിക്കും ആന എഴുന്നള്ളിപ്പിന് അനുമതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |