കോഴിക്കോട്: കാലവർഷം ആരംഭിച്ചതോടെ അഗ്നിരക്ഷാസേനയുടെ നെഞ്ചിടിപ്പുമേറി. ആവശ്യത്തിന് ഉപകരണങ്ങളും മതിയായ ജീവനക്കാരെയുമില്ലാതെ ദുരന്തമുഖങ്ങളിൽ എങ്ങനെ ഓടിയെത്തുമെന്നാണ് ഇവരുടെ ചോദ്യം. പ്രവർത്തനശേഷിയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് തട്ടിമുട്ടി കാര്യങ്ങൾ നീക്കുന്ന അവസ്ഥയാണ് ഇപ്പോൾ. മണ്ണിടിച്ചിൽ, മരങ്ങൾ വീഴൽ, വെള്ളക്കെട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ദിവസവും ശരാശരി അഞ്ചോളം വിളികൾ ഓരോ അഗ്നിരക്ഷാ കേന്ദ്രത്തിലുമെത്തുന്നുണ്ട്. നിലവിലെ അവസ്ഥയിൽ എല്ലായിടത്തും ഓടിയെത്താനാവാത്ത സ്ഥിതിയാണ്. മഴക്കാലം മുൻകൂട്ടി കണ്ട് ഇത്തവണ സേനയ്ക്ക് പുതിയ ഉപകരണങ്ങളും വാഹനങ്ങളുമൊന്നും നൽകിയിട്ടില്ല.
വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഡിങ്കി ബോട്ട് (ചെറിയ രക്ഷാബോട്ട്) നഗരത്തിലെ ബീച്ച് ഫയർ സ്റ്റേഷനിൽ കേടായി കിടക്കുകയാണ്. ശക്തമായ മഴയിലും ദുരന്തസാഹചര്യങ്ങളിലും ഉപയോഗിക്കേണ്ട റെയിൻകോട്ടുകൾ പലതും കീറി ഉപയോഗശൂന്യമായി. പുതിയ റെയിൻകോട്ടുകൾ ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടും നടപടിയില്ല. പൊട്ടിയ മരങ്ങൾ മുറിച്ചുമാറ്റാൻ ഉപയോഗിക്കുന്ന ചെയിൻ സോ (മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രത്യേക മരംമുറിക്കൽ യന്ത്രം) പല സ്റ്റേഷനുകളിലും ആവശ്യത്തിനില്ല. വെള്ളത്തിൽ മുങ്ങിപ്പോകുന്നവരെ രക്ഷിക്കാനുപയോഗിക്കുന്ന ലൈഫ് ജാക്കറ്റ്, ബോയകൾ, അസ്‌കാ ലൈറ്റ്, ഹാമർ, കട്ടറുകളും ആവശ്യത്തിനില്ല. ജലാശയങ്ങളിലെ രക്ഷാപ്രവർത്തനത്തിനു വേണ്ട സ്‌കൂബ സെറ്റ് ഒരു യൂണിറ്റ് മാത്രമാണുള്ളത്. ബീച്ചിൽ ഒരു എമർജൻസി വാഹനം മാത്രമാണുള്ളത്. മറ്റിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ജീവനക്കാരുമില്ല
ഉപകരണങ്ങളുടെ കുറവിനേക്കാൾ ഗുരുതരമാണ് ജീവനക്കാരുടെ ക്ഷാമം. ജില്ലയിലെ 10 അഗ്നിരക്ഷാ സ്റ്റേഷനുകളിലായി 350തിൽ താഴെ ജീവനക്കാരാണുള്ളത്. മാവൂരിൽ ആരംഭിച്ച പുതിയ സ്റ്റേഷനിലേക്ക് മറ്റുള്ള ഇടങ്ങളിലെ ജീവനക്കാരെ മാറ്റി നിയമിക്കുകയാണ് ചെയ്തത്. ഇതോടെ പഴയ സ്റ്റേഷനുകളിലെ ജീവനക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞു. ബീച്ച് ഫയർ സ്റ്റേഷനിൽ 15 ജീവനക്കാർ മാത്രമാണുള്ളത്. ഇന്നലെ രാവിലെ മാത്രം മൂന്ന് അടിയന്തര കോളുകൾ ബീച്ചിലെത്തിയെങ്കിലും ആളില്ലാത്തതിനാൽ ഒരു കോൾ വെള്ളിമാട് കുന്ന് സ്റ്റേഷനിലേക്ക് കെെമാറുകയായിരുന്നു.
ബീച്ച് ഫയർ സ്റ്റേഷൻ വരുമോ?
നഗരത്തിലുണ്ടാകുന്ന ചെറുതും വലുതുമായ അപകടങ്ങളിൽ ആദ്യമോടിയെത്തുന്ന ബീച്ച് അഗ്നിരക്ഷാ സേനയ്ക്ക് ഇനിയും കെട്ടിടമായില്ല. ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ ചോർന്നൊലിക്കുന്ന ക്വാർട്ടേഴ്സ് കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം. പല ജീവനക്കാരും വാഹനങ്ങളും മറ്റിടങ്ങളിലാണ്. വലിയ അപകടമുണ്ടായാൽ നിലവിലെ യൂണിറ്റിനെയും കൊണ്ട് ഓടിയെത്താനാവാത്ത സ്ഥിതിയാണ്. ഒന്നിൽ കൂടുതൽ വാഹനങ്ങളുടെ ആവശ്യം വന്നാൽ മറ്റിടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ബീച്ചിൽ നേരത്തേയുണ്ടായിരുന്ന കെട്ടിടം ജീവന് ഭീഷണിയായതോടെയാണ് പുതുക്കി നിർമിക്കാൻ തീരുമാനിച്ചത്. പദ്ധതി തയാറാക്കി 12 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും തുക അനുവദിക്കാത്തതിനാൽ നിർമാണം ഇഴയുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |