കോഴിക്കോട്: ജാനകിയമ്മയെ കോഴിക്കോടുമായി ചേർത്തുനിർത്തിയിരുന്നത് എം.എസ്. ബാബുരാജുമായുള്ള ആത്മബന്ധമായിരുന്നു. ബാബുക്കയുടെ ഈണങ്ങൾക്ക് ജീവൻ പകർന്ന ജാനകിയമ്മയുടെ സ്വരം മലയാളിയുടെ മനസിലിലെന്നുമുണ്ട്. ആ സംഗീതബന്ധത്തിനപ്പുറം, ബാബുരാജിന്റെ കുടുംബത്തോടും അവർ കാത്തുസൂക്ഷിച്ചിരുന്ന സ്നേഹബന്ധത്തെ ഓർത്തെടുക്കുകയാണ് ബാബുക്കയുടെ മകൻഎം.എസ്. ജബ്ബാർ. കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു അവർക്ക് ജാനകിയമ്മ. ഓർമകളുടെ വാതിൽ തുറക്കുമ്പോൾ ജബ്ബാറിന്റെ മനസിൽ ആദ്യം തെളിയുന്നത് കോഴിക്കോട്ടെ കല്ലായിയിലെ ‘രാഗ് രംഗ്’ വീട്ടിലേക്കുള്ള ജാനകിയമ്മയുടെ വരവുകളാണ്.
“അന്ന് ഞാൻ ചെറിയ കുട്ടിയാണ്. കൈ നിറയെ മിഠായികളുമായിട്ടാണ് ജാനകിയമ്മ വീട്ടിലെത്തുക. ഒരുപാട് സമയം ചെലവഴിക്കും പാട്ടുകൾ പാടിത്തരും. ഞങ്ങളോടൊക്കെ വലിയ സ്നേഹവും വാത്സല്യവുമായിരുന്നു. അച്ഛൻ ചെന്നൈയിൽ ഉള്ള സമയം അവധിക്കാലങ്ങളിൽ ഞങ്ങൾ അങ്ങോട്ട് പോകും. അന്നൊക്കെ റെക്കോർഡിംഗ് കഴിഞ്ഞ് നേരെ ഞങ്ങളുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷമാണ് ജാനകിയമ്മ മടങ്ങിയിരുന്നത്. ചില ദിവസങ്ങളിൽ ഞങ്ങളെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകുകയും സമ്മാനങ്ങൾ വാങ്ങിത്തരുകയും ചെയ്യുമായിരുന്നു. അച്ഛന്റെ വിയോഗത്തിന് ശേഷവും ആ ബന്ധത്തിന് ഒരു കുറവും സംഭവിച്ചില്ല. അമ്മ ബിച്ച ബാബുരാജുമായി ജാനകിയമ്മക്ക് വളരെ അടുത്ത ബന്ധമായിരുന്നു. ഇടയ്ക്കിടെ വിളിച്ച് കുടുംബവിശേഷങ്ങൾ അന്വേഷിക്കുമായിരുന്നു.
2016-ൽ കോഴിക്കോട് എത്തിയപ്പോൾ ജാനകിയമ്മയെ കണ്ടിരുന്നു. ഏറെ നേരം പഴയ ഓർമകൾ പങ്കുവെച്ചു. എറണാകുളത്ത് നടന്ന ബാബുരാജ് അനുസ്മരണ ചടങ്ങിലും ജാനകിയമ്മ എത്തിയിരുന്നു. അന്ന് എന്നോടും അമ്മയോടും ഹൈദരാബാദിലെ വീട്ടിൽ വന്ന് താമസിക്കണമെന്ന് അവർ പറഞ്ഞു. അമ്മ മരിച്ചപ്പോഴും നേരിട്ട് എത്താനായില്ലെങ്കിലും വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. “ചെന്നൈയിൽ പോകുമ്പോഴെല്ലാം ഞാൻ ജാനകിയമ്മയുടെ വീട്ടിൽ പോകുമായിരുന്നു. ജോലി സംബന്ധമായ കാര്യങ്ങൾ മുതൽ വീട്ടിലെ വിശേഷങ്ങൾ വരെ അവർ അന്വേഷിക്കും. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു അവർ.” മറ്റാര് പാടുന്നതിനേക്കാളും അച്ഛന് ഇഷ്ടം ജാനകിയമ്മ പാടുന്നതായിരുന്നു. അച്ഛന്റെ സംഗീതത്തിന് ഏറ്റവും അനുയോജ്യമായ ശബ്ദം ജാനകിയമ്മയുടത് തന്നെയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |