എരുമപ്പെട്ടി: നിർമ്മാണ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കൂലി വർദ്ധനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് ഒടുവിൽ പരിഹാരമായി. നിലവിൽ വാങ്ങിയിരുന്ന കൂലിക്ക് തന്നെ ജോലി ചെയ്യാൻ തൊഴിലാളികൾ സമ്മതിച്ചതായി എരുമപ്പെട്ടി കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. എരുമപ്പെട്ടി പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കരാറുകാരും തൊഴിലാളികളും നടത്തിയ ചർച്ചയിലാണ് ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തിയത്.
നിർമ്മാണ മേഖലയിലെ ഹെൽപ്പർ വിഭാഗത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികൾ തങ്ങളുടെ കൂലി സ്വയം വർദ്ധിപ്പിച്ചതാണ് തർക്കങ്ങൾക്ക് കാരണമായത്. ലേബർ ഓഫീസിന്റെ നിശ്ചയപ്രകാരം ഒരു ഹെൽപ്പർക്ക് 840 രൂപയും ഭക്ഷണവുമാണ് നൽകേണ്ടതെങ്കിലും കരാറുകാർ നിലവിൽ 900 രൂപയും ഭക്ഷണവും നൽകുന്നുണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നും ഉയർത്തി 1200 രൂപയും ഭക്ഷണവും വേണമെന്നതായിരുന്നു അന്യസംസ്ഥാന തൊഴിലാളികളുടെ പുതിയ ആവശ്യം.
നിലവിൽ ഒരു മെയിൻ പണിക്കാരന്റെ (മേസ്തിരി) കൂലിയാണ് 1200 രൂപ. ഇതിന് പുറമെ പുരുഷ ഹെൽപ്പർമാർക്ക് 900 രൂപയും സ്ത്രീ ഹെൽപ്പർമാർക്ക് 700 രൂപയും ഭക്ഷണവുമാണ് കരാറുകാർ നൽകി വരുന്നത്. എന്നാൽ പുതിയ കൂലി വർദ്ധനവ് അംഗീകരിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ ജോലി ചെയ്യാതെ സൈറ്റുകളിൽ നിന്നും മടങ്ങിപ്പോകാൻ തുടങ്ങിയത് നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി. തൊഴിലാളികൾ ആവശ്യപ്പെടുന്ന തുക നൽകിയാൽ ഭീമമായ നഷ്ടം സംഭവിക്കുമെന്ന് കരാറുകാർ വ്യക്തമാക്കുന്നു. പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ലേബർ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് നിലവിലെ വേതന വ്യവസ്ഥയിൽ തന്നെ മുന്നോട്ട് പോകാൻ ഇരുവിഭാഗവും ധാരണയിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |