കോഴിക്കോട്: വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് പാനോത്ത് നിന്ന് വയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്ത് കുങ്കിച്ചിറ വഴി കുഞ്ഞോത്ത് എത്തിച്ചേരുന്ന 'ചുരമില്ലാത്ത റോഡ്' പ്രതീക്ഷ മാത്രമാകുന്നു. മേപ്പാടി മണ്ണിടിച്ചിൽ ദുരന്തത്തോടെ ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണം അനിശ്ചിതത്വലായി. തുരങ്കപാത ഉപേക്ഷിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും ചുരമില്ലാത്ത വിലങ്ങാട് - വയനാട് പാത പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ റോഡിനായി 40 വർഷമായി ജനങ്ങൾ കാത്തിരിക്കുന്നു. വനത്തിലൂടെ ആറ് കിലോമീറ്റർ റോഡ് മതി. ഇപ്പോൾ നാല് കിലോമീറ്റർ റോഡുണ്ട്. പുതുതായി രണ്ട് കിലോമീറ്റർ റോഡുണ്ടാക്കിയാൽ മതി. നിലവിലുള്ള റോഡ് പരിഷ്കരിക്കുകയും വേണം. എന്നാൽ വീര പഴശ്ശിരാജ റോഡ് തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലൊതുങ്ങുകയാണ്. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപ്പാതയ്ക്കാണ് സർക്കാർ മുൻഗണന നൽകിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിലും തടസമുണ്ട്. റോഡ് കടന്നുപോകേണ്ടത് നിബിഡ വനത്തിലൂടെയാണ്. വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതിന് വനഭൂമിക്ക് പകരം മറ്റൊരിടത്ത് ഭൂമി നൽകണം. പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ ഈ വനമേഖല പരിസ്ഥിതിലോലവും ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ പരിധിയിൽ വരുന്നതുമാണ്. വൻതോതിലുള്ള പാറപൊട്ടിക്കലോ, മണ്ണുമാറ്റലോ പാടില്ല. നിർമ്മാണപ്രവർത്തനങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും നിയന്ത്രണവുമുണ്ട്.
വേണം നിയമ ഭേദഗതി
1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം മലബാർ വന്യജീവി സങ്കേതത്തിന്റെയോ വന്യജീവി ഇടനാഴികളുടെയോ പരിധിയിൽ വരുന്ന ഭാഗമാണെങ്കിൽ, നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ പ്രത്യേക അനുമതിയും വേണ്ടിവരും. ഇത് മറികടക്കാൻ കേന്ദ്ര പരിസ്ഥിതി വനം നിയമത്തിൽ ഭേദഗതി വരുത്തേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
വരുമാനം വർദ്ധിക്കും
ചുരമില്ലാ പാത വന്നാൽ കോഴിക്കോട്, വയനാട് ജില്ലകൾ തമ്മിലുള്ള കച്ചവടം, ടൂറിസം, ചരക്കുനീക്കം എന്നിവയിൽ പുരോഗതിയുണ്ടാകും. നിയമപരമായ തടസം നീക്കാൻ വനം, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി സർവേ നടത്തി കേന്ദ്രസർക്കാരിന് പ്രൊപ്പോസൽ നൽകണമെന്ന നാട്ടുകാരുടെ ആവശ്യവും സർക്കാരുകൾ ചെവിക്കൊണ്ടിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |