കൽപ്പറ്റ: പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര ആരംഭിച്ചശേഷം വയനാട്ടിലെ കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം വനിതാ യാത്രക്കാർക്കൊപ്പം പുരുഷന്മാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. സൗജന്യ യാത്രാ ടിക്കറ്റ് ഉൾപ്പെടെയുള്ള കണക്കാണിത്. ജൂൺ 15 മുതലാണ് സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസുകളിൽ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചത്. ഇതോടെ കെ.എസ്.ആർ.ടി.സിയിലേക്ക് യാത്രക്കാരുടെ കുത്തൊഴുക്കായിരുന്നു. കൽപ്പറ്റ ഡിപ്പോയിലെ കണക്കനുസരിച്ച് ഒരു മാസത്തിനിടെ രണ്ടു ലക്ഷത്തോളം യാത്രക്കാർ കൂടി. 23 ലക്ഷം രൂപയിൽ കൂടുതൽ വരുമാന വർദ്ധനവും ഉണ്ടായിട്ടുണ്ട്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിക്കുന്നതിനു മുൻപ്
മേയ് 15 മുതൽ ജൂൺ 14 വരെയുള്ള കണക്കനുസരിച്ച് 6,57,239പേരാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്തത്.
പ്രിയദർശിനി ആരംഭിച്ചശേഷം ജൂൺ 15 മുതൽ ഈ മാസം 13 വരെയുള്ള കണക്കനുസരിച്ച് യാത്രക്കാരുടെ എണ്ണം 8,55,218 ആയി.
യാത്രക്കാരുടെ വർദ്ധനവ് 1,97,979 ആണ്.
വരുമാനത്തിലും വർദ്ധന
മേയ് 15 മുതൽ ജൂൺ 14 വരെയുള്ള കണക്കനുസരിച്ച് 2,39,79,386 രൂപയായിരുന്നു വരുമാനം. ജൂൺ 15 മുതൽ ഈ മാസം 13 വരെയുള്ള കണക്കനുസരിച്ച് 2,63,55,157 രൂപയായി. ടിക്കറ്റ് നിരക്കിൽ 23,75,771 രൂപയുടെ വർദ്ധനവ്. ഇതിൽ 1,28,78,877 രൂപയും സീറോ ടിക്കറ്റ് നിരക്കാണ്. 10 ശതമാനം വരുമാന വർദ്ധനവാണ് ഉണ്ടായത്. പ്രിയദർശിനി സീറോ ടിക്കറ്റ് പ്രകാരം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന വരുമാനനഷ്ടം സർക്കാർ നികത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |