കൊയിലാണ്ടി: ചേലിയ,എളാട്ടേരി പ്രദേശങ്ങളിലെ വിസ്തൃതമായ ജലാശയവും ഐരാണിത്തുരുത്തും വിനോദ സഞ്ചാരികൾക്ക് ഹരമായി മാറുന്നു. ഈ പ്രദേശത്തിന്റെ വിനോദ സഞ്ചാര സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തും സ്വകാര്യ സംരംഭകരും ചേർന്ന് ഭാവനാ പൂർണമായ ടൂറിസം പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ചേലിയ വാട്ടർ വില്ലേജ് ഫാം ടൂറിസം പദ്ധതിക്ക് തുടക്കമിട്ടു.
ആഴമില്ലാത്തതിനാൽ അപടകസാദ്ധ്യത തീരെ കുറഞ്ഞ വെളളക്കെട്ടാണിത്. അതുകൊണ്ടുതന്നെ കാലുകൊണ്ട് തുഴയുന്ന ചെറു തോണികളിലൂടെയുളള യാത്ര സഞ്ചാരികൾക്ക് ഏറെ ഹൃദ്യമാകും. എളാട്ടേരി ചേലിയ പ്രദേശങ്ങളുടെ കിഴക്കെ അതിര് ഒളളൂർപ്പുഴയും ഐരാണിത്തുരുത്തിന് ചുറ്റുമുളള ജലാശയങ്ങളുമാണ്. പുഴയും വെളളക്കെട്ടും വേർതിരിച്ചു നല്ലൊരു നടപ്പാതയുണ്ട്. ദീപാലംകൃതമാക്കിയ ഈ നടപ്പാത വഴിയുളള യാത്ര തന്നെ മനോഹരമാണ്. സായാഹ്നങ്ങളിൽ സൂര്യാസ്തമയം കാണാൻ ധാരാളം പേർ ഇവിടെയെത്തും.ഞായറാഴ്ചകളിലും ഒഴിവ് ദിവസങ്ങളിലും സഞ്ചാരികളേറും. ഈ നടപ്പാതയിൽ നിന്ന് നോക്കിയാൽ ഐരാണിത്തുരുത്തിന്റെ ദൃശ്യചാരുത നുകരാം. തൊട്ടടുത്താണ് ഐതിഹ്യങ്ങൾ കേട്ടുമയങ്ങുന്ന പൂതപ്പാറ.
വിസ്തൃതമായ ജലാശയത്തിന്റെ ഓരങ്ങളിലെല്ലാം കണ്ടൽച്ചെടികളുടെ പെരുങ്കാടാണ്. അത്യപൂർവമായ ജലജീവികളുടെ ആവാസ കേന്ദ്രമാണിവിടം. ദേശാടന പക്ഷികളടക്കമുളള വിവിധയിനം പക്ഷികൾ ഇവിടെ തമ്പടിക്കാറുണ്ട്. 20ലേറെ ദേശാടന പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിനും ധാരാളം പേർ ഇവിടെയെത്തും. വിസ്തൃതമായ ജലാശയം പരമ്പരാഗത മീൻ പിടുത്തക്കാരുടെ ജീവനോപാധിയാണ്.
വിസ്തൃതമായ ഈ ജലാശയം കാണാനെത്തുന്നവർക്കായി ഭാവാനാപൂർണമായ ടൂറിസം പദ്ധതികൾ ഇനിയും വേണം. ചേലിയ ഒളളൂർ റോഡിൽ നിന്ന് ഈ ടൂറിസം സ്‌പോട്ടിലേക്കുളള റോഡ് തകർച്ചയിലാണ്. കുടിവെളള വിതരണ കുഴലുകൾ കീറിയിടാൻ റോഡ് കുഴിച്ചത് കാരണം തകർന്നുകിടക്കുകയാണ്. റോഡ് വികസനം നടപ്പാക്കണം. കൂടാതെ പുതുതായി ഉദ്ഘാടനം ചെയ്ത ഒളളൂർക്കടവ് പാലവുംം ദീപാലംകൃതമാക്കണം.
എങ്ങനെ വരാം?
ചേലിയ ഒളളൂർക്കടവ് റോഡിൽ നിന്ന് ഇലാഹിയ കോളേജ് റോഡിലൂടെ ഈ ജലാശയത്തിലേക്കെത്താം. എളാട്ടേരി ഐരാണിത്തുരുത്തു വഴിയും വരാം.
കോരപ്പുഴ മുതൽ മൂരാട് വരെയുളള അകലാപ്പുഴയോരം കേന്ദ്രീകരിച്ച് ജല വിനോദ പദ്ധതികൾ ആസൂത്രണം ചെയ്യും. ടൂറിസംമേഖലയിൽ സ്വകാര്യ പങ്കാളിത്തം നിർണായകമായതിനാൽ സംസ്ഥാന സർക്കാർ എല്ലാ പ്രോത്സാഹനങ്ങളും നൽകും.
-കെ.പ്രവീൺ കുമാർ എം.എൽ.എ
തുടക്കത്തിൽ കയാക്കിംഗ് ബോട്ടുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ധാരാളം പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ശിക്കാര ബോട്ടുകളും ഹൗസ് ബോട്ടുകളും ഇവിടെയെത്തിക്കും. സ്പീഡ് ബോട്ടുകളും ഏർപ്പെടുത്തും.
-ഹാഷിം ചെറേക്കാട്
മാനേജിംഗ് ഡയറക്ടർ, ചേലിയ വാട്ടർവില്ലേജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |