SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

എന്തൊരു നാറ്റം; കുപ്പയിലോ 55 കോടിയുടെ പദ്ധതി?

market
തകർച്ചയുടെ വക്കിലെത്തിയ കോഴിക്കോട് സെൻട്രൽ മാർക്കറ്റ്

കോഴിക്കോട്: നഗരത്തിലെ പ്രധാന മത്സ്യ–പച്ചക്കറി വിപണികളിലൊന്നായ കോഴിക്കോട് സെൻട്രൽ മാർക്കറ്റിന്റെ നവീകരണ പദ്ധതി തറക്കല്ലിട്ട് ഒരു വർഷം പിന്നിട്ടിട്ടും കടലാസിൽ. ഇതുവരെ നിർമ്മാണത്തിന്റെ പ്രാഥമിക നടപടി പോലും ആരംഭിക്കാനായിട്ടില്ല.

നിലവിലെ മാർക്കറ്റിന്റെ അവസ്ഥ ദിനംപ്രതി കൂടുതൽ ദയനീയമാവുകയാണ്. ദുർഗന്ധവും മാലിന്യക്കൂമ്പാരവും തകർന്ന അടിസ്ഥാനസൗകര്യങ്ങളും കാരണം ഉപഭോക്താക്കൾക്ക് മാർക്കറ്റിലേക്ക് എത്താനാവുന്നില്ല. നഗരസഭ അംഗീകരിച്ച വിശദമായ ഡി.പി.ആർ പ്രകാരം പി.എം.എസ്.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 55.17 കോടി രൂപ ചെലവഴിച്ചാണ് സെൻട്രൽ മാർക്കറ്റിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടത്. 1,23,274 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പൂർണമായും എയർ കണ്ടീഷൻ ചെയ്ത മൂന്ന് നില കെട്ടിടമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫിഷറീസ് വകുപ്പ് 50 കോടി രൂപയും ശേഷിക്കുന്ന തുകയും കോർപ്പറേഷനുമാണ് വഹിക്കുന്നത്. മത്സ്യവിപണി, കോൾഡ് സ്റ്റോറേജ്, ഐസ് പ്ലാന്റ്, ഫുഡ് കോർട്ട്, ഡോർമെറ്ററി, റസ്റ്റോറന്റുകൾ, എസ്.ടി.പി, ബയോ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് പദ്ധതിയിൽ വാഗ്ദാനം ചെയ്തിരുന്നത്.

19 വർഷം മാത്രം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നത് റിയൽ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാനാണെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത് . സെൻട്രൽ മാർക്കറ്റ് സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നിലവിലെ സ്ഥിതി തുടരാൻ കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു. മാർക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്ന 1,500ലധികം വ്യാപാരികളുടെയും തൊഴിലാളികളുടെയും പുനരധിവാസം ഉറപ്പാക്കാതെ നിർമ്മാണം അനുവദിക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്.

താത്കാലിക ചന്തയിലും ദുരിതം


പുനർനിർമ്മാണത്തിന്റെ ഭാഗമായി വ്യാപാരികളെ താത്കാലിക ഷെഡുകളിലേക്ക് മാറ്റിയെങ്കിലും അവിടെയും ദുരിതം തന്നെ. മൂക്കുപൊത്താതെ ഇവിടേക്ക് അടുക്കാനാവില്ല. ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്. ശുചിമുറിയുടെ അവസ്ഥയും പരിതാപകരമാണ്. ദുർഗന്ധവും വൃത്തിഹീനമായ ചുറ്റുപാടും കാരണം ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതോടെ കച്ചവടവും തിരിച്ചടിയിലായി.


ശ്വാസംമുട്ടി ബയോഗ്യാസ് പ്ലാന്റ്

മാർക്കറ്റിലെ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുകയെന്ന ലക്ഷ്യത്തോടെ 2009ൽ ഏകദേശം 10 ലക്ഷം രൂപ ചെലവഴിച്ചാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ കൃത്യമായ അറ്റകുറ്റപ്പണികളും സ്ഥിരമായ മേൽനോട്ടവുമില്ല. നിലവിൽ ഈ പ്ലാന്റ് പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ജൈവമാലിന്യങ്ങളും അടിഞ്ഞുകൂടി പൂർണമായും നശിച്ചിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL