SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.03 AM IST

തകർന്ന മേൽക്കൂര, തളം കെട്ടി വെള്ളം ഇഴ പൊട്ടിയ ജീവിതവുമായി തൊഴിലാളികൾ

wwwe
സ്റ്റാർ വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേൽക്കൂര തകർന്ന നിലയിൽ.

കോഴിക്കോട്: മഴ പെയ്യുമ്പോൾ മേൽക്കൂരയിലൂടെ ചോർന്നിറങ്ങുന്ന വെള്ളം തറയിൽ കെട്ടിനിൽക്കും. ഇതിൽ ചവിട്ടി വേണം

സ്റ്റാർ വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികൾക്ക് കൈത്തറി യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ. എട്ടുമാസമായി വേതനം പോലും ലഭിക്കാതെ, അപകടഭീഷണി നിറഞ്ഞ കെട്ടിടത്തിനുള്ളിൽ ജീവിതം നെയ്തെടുക്കാൻ പാടുപെടുകയാണ് സൊസൈറ്റിയിലെ വനിതകൾ. കക്കോടി എൻ.വി. റോഡിൽ 1963ൽ സ്ഥാപിച്ച സ്റ്റാർ വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ആരംഭത്തിൽ 150-ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇന്നത് മുപ്പതോളം സ്ത്രീകളായി.

ജില്ല വ്യവസായ കേന്ദ്രത്തിന് കീഴിൽ ആറു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന യൂണിഫോം പദ്ധതിയുടെ ഭാഗമായുള്ള തുണിത്തരങ്ങളാണ് നെയ്യുന്നത്. വിപണിയിലെ മത്സരത്തോട് കിടപിടിക്കാനാവാത്തതിനാൽ യൂണിഫോം തുണിയൊഴികെ മറ്റുള്ളവ നൂൽക്കുന്നില്ല.

മാസങ്ങളായി വേതനം മുടങ്ങിയതോടെ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. 6,000 രൂപയോളം പ്രതിമാസം കിട്ടിയിരുന്നത് നാലായിരമായി കുറഞ്ഞു. എട്ടുമാസമായി അതും കിട്ടിയിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. 2019 വരെ ലഭിച്ചിരുന്ന 3,000 രൂപയുടെ ഇൻസെന്റീവും നിറുത്തലാക്കി. പി.എഫ്, ഇ.എസ്.ഐ, സി.ടി.എഫ് (കോൺട്രിബ്യൂട്ടറി ത്രിഫ്ട് ഫണ്ട്- പങ്കാളിത്ത സമ്പാദ്യം), ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും കിട്ടുന്നില്ല. കുടുംബച്ചെലവുകൾ പോലും നിറവേറ്റാനുമാവുന്നില്ല. ബസ് കൂലി കണ്ടെത്താൻ കടംവാങ്ങിയാണ് ചിലർ ജോലിക്കെത്തുന്നത്.

തലയ്ക്ക് മേലേഅപകടം

ശോച്യാവസ്ഥയിലായ മേൽക്കൂരയുടെ ഒരു ഭാഗം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണതോടെ പഴയ കെട്ടിടത്തിൽ ജോലി തുടരുന്നത് സുരക്ഷിതമല്ലാതായി. തുടർന്ന് ജില്ലാ വ്യവസായകേന്ദ്രം അനുവദിച്ച ഫണ്ടുപയോഗിച്ച് സമീപത്തുണ്ടാക്കിയ ഷീറ്റിട്ട ഷെഡിലാണ് പ്രവർത്തനം. മഴ പെയ്യുമ്പോൾ ഇതും ചോരുകയാണ്. വർഷങ്ങളായി കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പണമില്ലെന്ന മറുപടിയാണ് അധികൃതരിൽ നിന്ന് ലഭിക്കുന്നത്. ഒരുകാലത്ത് സർക്കാർ സ്കൂളുകളിലേക്ക് ഏറ്റവും കൂടുതൽ യൂണിഫോമുകൾ എത്തിച്ച് അംഗീകാരം നേടിയ കേന്ദ്രമാണിത്. യുവജനങ്ങളെ കൈത്തറി മേഖലയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട 'യുവ വീവ്' പദ്ധതിക്കും ഈ കേന്ദ്രത്തെയാണ് പരിഗണിച്ചിരുന്നത്.

"സർക്കാർ ഫണ്ട് അനുവദിച്ചില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടേണ്ടി വരും."

ശ്രീവത്സൻ, പ്രസിഡന്റ്, സ്റ്റാർ വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

"ചോർന്നൊലിക്കാത്ത സുരക്ഷിതമായ കെട്ടിടം വേണം.''

സുനിത. കെ, സെക്രട്ടറി,സ്റ്റാർ വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL