കുന്ദമംഗലം: കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗത കുരുക്കുകൊണ്ട് പൊറുതിമുട്ടുന്ന പന്തീർപ്പാടം ജംഗ്ഷൻ നവീകരണം പാതിവഴിയിൽ. വാഹന അപകടങ്ങളും മരണങ്ങളും പതിവാകുന്ന പന്തീർപാടം കയറ്റത്തിലാണ് പയമ്പ്ര റോഡും തേവർക്കണ്ടി റോഡും സംഗമിക്കുന്ന ജംഗ്ഷൻ. ഇവിടെ ദേശീയപാതക്കും മറ്റ് റോഡുകൾക്കും വേണ്ടത്ര വീതിയില്ലാത്തതിനാൽ പയമ്പ്ര റോഡിൽ നിന്നും തേവർക്കണ്ടി റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽ പെടുന്നത്.
വർഷങ്ങൾക്ക് മുമ്പ് ജംഗ്‌ഷൻ വീതികൂട്ടി സൗകര്യപെടുത്താൻ പൗരസമിതിയും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇടപെട്ടു പരാതിനൽകിയിരുന്നു. ജംഗ്ഷനിലെ നവീകരണപ്രവർത്തനത്തിന് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അവസാനകാലത്ത് ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ജംഗ്ഷനിലെ ചില കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതല്ലാതെ മറ്റ് പ്രവൃത്തികൾ ഒന്നും നടന്നിട്ടില്ല. മലാപറമ്പ് മുതൽ മുത്തങ്ങവരെ ദേശീയപാത നാല് വരിയാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പ്രസ്തുത പ്രവർത്തിയോടനുബന്ധിച്ച് പന്തീർപാടം ജംഗ്ഷനും വീതികൂടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
ജംഗ്ഷൻ നവീകരിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ പദ്ധതി തയ്യാറാക്കുകയും തുക വകയിരുത്തുകയും ചെയ്തിട്ടും പന്തീർപാടം ജംഗ്ഷൻ നവീകരണം നിലച്ചമട്ടാണ്. തിരക്കേറിയ ദിവസങ്ങളിൽ വാഹനങ്ങൾ തിരിയുന്നത് മൂല മുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുന്ദമംഗലം ടൗൺ വരെ കിലോമീറ്ററോളം നീളുന്നത് പതിവാണ്.
അപായ സൂചനകളോ സിഗ്നലുകളോ ഇല്ല
കാഴ്ച മറയ്ക്കുന്ന തരത്തിലാണ് ഇവിടുത്തെ പഴയ കെട്ടിടങ്ങൾ. ജംഗ്ഷനിൽ അപായ സൂചനകളോ സിഗ്നൽ ലൈറ്റുകളോ ഇല്ലാത്തത് മൂലം രാത്രി കാലങ്ങളിലാണ് അപകടങ്ങൾ അധികവും നടക്കുന്നത്. പകൽ സമയങ്ങളിലാകട്ടെ ഗതാഗതകുരുക്ക് കുന്ദമംഗലം അങ്ങാടിവരെ നീളും. അമിതവേഗതയിൽ പയമ്പ്രറോഡിൽനിന്നും വരുന്ന വാഹനങ്ങൾ ദേശീയപാത ഗൗനിക്കാതെ തേവർകണ്ടി റോഡിലേയ്ക്ക് കയറുമ്പോൾ വയനാട് ഭാഗത്ത് നിന്ന് വേഗതയിൽ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതാണ് മിക്ക അപകടങ്ങളുടെയും പൊതുസ്വഭാവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |