വനിത കർഷകർക്കായി 'വനിത സഖി' പദ്ധതി
കോഴിക്കോട്: വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിൽ 'കതിര്' കാർഷിക ക്ലബ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകും. കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി സംസ്ഥാന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കതിര് പദ്ധതി ആദ്യവർഷം 500 സ്‌കൂളുകളിൽ ആരംഭിക്കും. പിന്നീട് മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. നോഡൽ അദ്ധ്യാപകർ, ബാക്ക് അപ് ടീം, 10,000 രൂപ സീഡിംഗ് മണി എന്നിവ ഏർപ്പെടുത്തും. പൊതുവിദ്യാഭ്യാസ മന്ത്രിയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി. ഐക്യരാഷ്ട്രസഭ വനിത കർഷക വർഷമായി പ്രഖ്യാപിച്ച ഈ വർഷം 'വനിത സഖി' എന്ന പേരിൽ വനിത കർഷകർക്ക് മാത്രമായി പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. 2020 ൽ ആരംഭിച്ച കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി (എ.ഐ.എഫ്) പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റൽ, പാക്കിംഗ്, വിപണനം, കയറ്റുമതി എന്നിവ ഉൾപ്പെടെ കാർഷിക മേഖലയിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന നിർണായക നിധിയായി എ.ഐ.എഫ് മാറി. എ.ഐ.എഫ് പൂർണ തോതിൽ വിനിയോഗിക്കാനും കൂടുതൽ തുക വാങ്ങിയെടുക്കാനുമുള്ള പ്രധാന ചുവടുവെപ്പാണ് സംസ്ഥാന കോൺക്ലേവെന്നും മന്ത്രി പറഞ്ഞു. കോവൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അദ്ധ്യക്ഷയായി. കൃഷി അഡീഷണൽ ഡയറക്ടർ സിന്ധു, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയ് അലക്‌സ്, ആർ.കെ സിൻഹ തുടങ്ങിയവർ പ്രസംഗിച്ചു.
കർഷകർക്കും സംരംഭകർക്കും വഴികാട്ടിയായി എ.ഐ.എഫ് കോൺക്ലേവ്
കോഴിക്കോട്: കാർഷിക അടിസ്ഥാന സൗകര്യ വികസന നിധിയുടെ സാദ്ധ്യതകളിൽ കർഷകർക്കും സംരംഭകർക്കും വഴികാട്ടിയായി കൃഷിവകുപ്പ് സംഘടിപ്പിച്ച സംസ്ഥാന കോൺക്ലേവ്. കർഷകർക്കക ആവശ്യമായ വായ്പാ സൗകര്യങ്ങൾ, ധനസഹായം, സാങ്കേതിക പിന്തുണ, വിപണി സാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ വിശദീകരണം നൽകി. സംരംഭകരുടെയും കർഷകരുടെയും സംശയങ്ങൾക്കും വിദഗ്ധർ മറുപടി നൽകി. പദ്ധതിയിൽ ഉൾപ്പെടുത്തി ഡി.പി.ആർ തയാറാക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകി. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കോവൂർ പി കൃഷ്ണപിള്ള മെമോറിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കോൺക്ലേവിലെ സാങ്കേതിക സെഷനിൽ കൃഷിവകുപ്പ്, കേര, എസ്.എം.എ.എം, എ.പി.ഇ.ഡി.എ, ദേശീയ ഹോർട്ടിക്കൾച്ചർ ബോർഡ്, വിവിധ ബാങ്കുകൾ, എ.ഐ.എഫ് -പി.എം.യു എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. പദ്ധതിയുമായി ബന്ധപ്പെട്ട സംരംഭകർ, ബാങ്കുകൾ, വിവിധ സർക്കാർ ഏജൻസികൾ എന്നിവയുടെ സ്റ്റാളുകളുമുണ്ടായിരുന്നു. പദ്ധതിയുടെ ധനസഹായം, അപേക്ഷാ നടപടിക്രമങ്ങൾ, സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും സ്റ്റാളുകളിൽനിന്ന് ലഭ്യമാക്കി. കാർഷിക അടിസ്ഥാനസൗകര്യ വികസന നിധിയുടെ പ്രയോജനങ്ങൾ കൂടുതൽ കർഷകരിലേക്കും കാർഷിക സംരംഭകരിലേക്കും എത്തിക്കുക, കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർദ്ധന, സംഭരണം, സംസ്കരണം, വിപണനം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാദ്ധ്യതകൾ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു കോൺക്ലേവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |