തൊടുപുഴ: ചികിത്സക്കെത്തുന്ന രോഗികൾക്ക് ആവശ്യമായ മരുന്നും ചികിത്സയുമില്ലെന്ന് ആരോപിച്ച് പൊതിച്ചോർ വിതരണത്തിനെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ സമരം ജില്ലാആശുപത്രിയെ രണ്ടരമണിക്കൂറോളം കലുഷിതമാക്കി. ഡി.എം.ഒയേയും സൂപ്രണ്ടിനെയും ഉപരോധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുത്തിയിരുന്ന് മദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ആശുപത്രിയിലെത്തിയ രണ്ടുകുട്ടികൾക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സമരം. ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്നലെ ഉച്ചയോടെ സന്ദർശനം നടത്തിയതിനുതൊട്ടുപിന്നാലെയായിരുന്നു പ്രതിഷേധം. കോലാനിയിൽ തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുരളീധരൻ പരിപാടിക്ക് ശേഷം ജില്ലാആശുപത്രിയിൽ സന്ദർശനത്തിന്എത്തിപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവവികാസങ്ങൾ. മന്ത്രി സൂപ്രണ്ടിന്റെ ക്യാബിനിൽ ഡി.എം.ഒ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ആശുപത്രിയുടെ വികസനം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യുന്നതിനിടയിൽ അത്യാഹിതവിഭാഗത്തിൽ പനിയും ശ്വാസം മുട്ടലും ബാധിച്ചെത്തിയ രണ്ടരവയസുകാരിയെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിലേക്ക് റഫർ ചെയ്തു. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നതരത്തിൽ കൂടിനിന്നവർക്കിടയിൽ സംസാരമുണ്ടായി. ചർച്ചക്കുശേഷം പുറത്തിറങ്ങിയ മന്ത്രിയോട് മാദ്ധ്യമങ്ങൾ ഈ വിഷയത്തിൽ പ്രതികരണം ചോദിച്ചങ്കിലും സൂപ്രണ്ടിനോട് സംസാരിക്കാൻ പറഞ്ഞതല്ലാതെ കൂടുതൽ മറുപടിക്ക് തയാറായില്ല. ഈ സമയം പുറത്ത് ഡിവൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണം നടക്കുന്നുണ്ടായിരുന്നു. മൂന്നാംതവണത്തെ പേ വിഷബാധ പ്രതിരോധകുത്തിവെയ്പ്പിന് തന്റെ കുട്ടിയുമായി എത്തിയ യുവതി മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടിവന്നതായി ഡി.വൈ.എഫ്.ഐ പ്രവർത്തകരോട് പരാതി പറഞ്ഞു. ഇതിനൊപ്പം മരുന്നിനെത്തിയ മറ്റു ചിലരും തങ്ങളുടെ പരാതികൾ മാദ്ധ്യമങ്ങൾക്ക് മുന്നിലടക്കം ഉന്നയിച്ചതോടെ പ്രശ്നം സൂപ്രണ്ടിനോട് നേരിട്ട് ചോദിക്കാൻ പ്രവർത്തകർ എത്തി. എന്നാൽ തങ്ങൾക്ക് വിശദീകരണം നൽകിയില്ലെന്ന് ആരോപിച്ചാണ് ഉപരോധം ആരംഭിച്ചത്. വിഷയത്തിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടുതുടങ്ങിയ സമരം മണിക്കൂറുകളോളം നീണ്ടു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിസമരക്കാരെ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചതോടെ നീക്കം ഉപേക്ഷിച്ചു. ഇതിനിടയിൽ സൂപ്രണ്ടും ഡി.എം.ഒയും ഉൾപ്പെടെ മുഴുവൻ ജീവനക്കാരും മുറിയിൽ നിന്നും പുറത്ത് പോയെങ്കിലും സമരക്കാർ പിന്മാറിയില്ല. തുടർന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സൂപ്രണ്ടുമായി നടത്തിയ ചർച്ചക്ക് ഒടുവിലാണ് സമരം അവസാനിപ്പിച്ചത്. സംഭവത്തിൽ എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
''ഉന്നയിച്ച രണ്ടുവിഷയങ്ങളും പരിശോധിക്കുമെന്ന് ഉറപ്പുനൽകിയതിനാൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു'' എം.എസ് ശരത്, ഡി.വൈ.എഫ്.ഐ ജില്ലാട്രഷറർ.
''മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ചികിത്സയിൽ വീഴ്ച വന്നിട്ടില്ല. എങ്കിലും സമരക്കാർ ഉന്നയിച്ച രണ്ടുവിഷയങ്ങളും പരിശോധിക്കും'' സാം പോൾ ( ആശുപത്രി സൂപ്രണ്ട് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |