@മുൻഗണനാ പഞ്ചായത്തുകൾ കണ്ടെത്തി പ്രതിരോധം തീർക്കും
കോഴിക്കോട്/തിരുവമ്പാടി: കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഭയന്ന് ജീവിക്കേണ്ടിവരുന്ന കർഷകർക്ക് പ്രതീക്ഷ പകരുന്ന പ്രഖ്യാപനങ്ങളുമായി സർക്കാർ. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും കൃഷിനാശത്തിനുമുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും ശാസ്ത്രീയവും സാങ്കേതികവുമായ പ്രതിരോധ സംവിധാനം ഒരുക്കുമെന്ന ഉറപ്പുമാണ് തിരുവമ്പാടിയിൽ നടന്ന ‘കർഷക സുരക്ഷ–വന്യജീവി സംഘർഷ ലഘൂകരണം’ സംസ്ഥാനതല കോൺക്ലേവിലുണ്ടായത്. വനം, കൃഷി, റവന്യൂ വകുപ്പുകളുടെ ഇടപെടലിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് മന്ത്രിമാരായ ഷിബു ബേബി ജോൺ, ടി സിദ്ദിഖ് എന്നിവർ വ്യക്തമാക്കി.
2024 മുതൽ 2026 ഓഗസ്റ്റ് വരെ ജില്ലയിൽ വന്യമൃഗങ്ങൾ ജനവാസമേഖലകളിലിറങ്ങിയതായി 1,276 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മനുഷ്യജീവന് ഭീഷണിയാകുന്ന സംഭവങ്ങളുടെ എണ്ണത്തിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് കോഴിക്കോട് പിന്നിലാണെങ്കിലും കൃഷിനാശത്തിന്റെ തോത് കർഷകരെ ആശങ്കപ്പെടുത്തുന്നതാണ്. 2024 മുതൽ 2026 സെപ്തംബർ വരെ ജില്ലയിൽ മനുഷ്യ–വന്യജീവി സംഘർഷത്തിൽ നാലുപേർക്ക് ജീവൻ നഷ്ടമായി. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേരും കാട്ടുപന്നിയുടെയും പാമ്പിന്റെയും ആക്രമണത്തിൽ ഒരാൾ വീതവുമാണ് മരിച്ചത്. ചക്കിട്ടപ്പാറ, കൂടരഞ്ഞി, കാവിലുംപാറ, കോടഞ്ചേരി, കൂരാച്ചുണ്ട്, തിരുവമ്പാടി, വാണിമേൽ, പുതുപ്പാടി, വളയം തുടങ്ങിയ പഞ്ചായത്തുകളാണ് പ്രധാന ഹോട്ട്‌സ്‌പോട്ടുകൾ.
മൾട്ടി ലയർ പ്രതിരോധമൊരുക്കും
നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാനുള്ള തീരുമാനം കർഷകർക്ക് ആശ്വാസമാകും. കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികൾ നശിപ്പിക്കുന്ന ഒരു തേങ്ങയ്ക്ക് 15 രൂപയും കൊക്കോ കൃഷിനാശത്തിന് തടമൊന്നിന് 30 രൂപയും നഷ്ടപരിഹാരം നൽകുമെന്നാണ് മന്ത്രി ഷിബു ബേബി ജോണിന്റെ പ്രഖ്യാപനം. നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും വാഗ്ദാനമുണ്ട്.
സംഘർഷം നേരിടുന്നതിന് തടഞ്ഞുനിറുത്തൽ, ആഘാത ലഘൂകരണം, നഷ്ടപരിഹാരം എന്നീ മൂന്ന് തലങ്ങളിലായിരിക്കും സർക്കാർ ഇടപെടൽ. തീവ്ര സംഘർഷ മേഖലകളും 55 മുൻഗണനാ പഞ്ചായത്തുകളും കണ്ടെത്തി മൾട്ടി ലെയർ പ്രതിരോധ സംവിധാനമൊരുക്കും.
വനമേഖലയോട് ചേർന്ന് കഴിയുന്ന കർഷകർക്ക് അധികവരുമാനം ഉറപ്പാക്കാൻ ഇക്കോ ടൂറിസവുമായി ബന്ധപ്പെടുത്തി ഹോംസ്റ്റേ, ബാക്ക്പാക്കിംഗ് പദ്ധതികളും പരിഗണനയിലുണ്ട്. വന്യമൃഗങ്ങൾ നശിപ്പിക്കാത്ത വിളകളുടെ കൃഷിക്കും വിപണനത്തിനും പ്രോത്സാഹനം നൽകും. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച ആശങ്കകൾക്കും പരിഹാരം കാണുമെന്ന് കൃഷിമന്ത്രി ഉറപ്പുനൽകി.
ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,
റിമോട്ട് സെൻസിംഗ്,
ക്യാമറ അധിഷ്ഠിത നിരീക്ഷണം,
ഏർളി വാണിംഗ് സംവിധാനം,
ജിയോ ടാഗിംഗ്, ഡിജിറ്റൽ റിപ്പോർട്ടിംഗ്
ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് റവന്യൂമന്ത്രി
കോഴിക്കോട്: ജില്ലയിൽ വനം–റവന്യൂ വകുപ്പുകൾ തമ്മിലുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കാർഷിക മേഖല ഏറെ പ്രതീക്ഷയോടെയാണ് കോൺക്ലേവിനെ കാണുന്നത്. മനുഷ്യ–വന്യജീവി സംഘർഷം മൂലം ജീവഹാനിയും കൃഷിനാശവും ഉണ്ടാകാതിരിക്കാൻ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്യുതമേനോൻ സ്മാരക അവാർഡ് നേടിയ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനെ മന്ത്രി എ.പി. അനിൽകുമാർ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |