1 MIN READ PUBLISHED: NOVEMBER 27, 2020 12:02 AM IST
സി.കെ.ബിജിത്ത് ലാലും അച്ഛൻ സി.കെ.ബാബുവും
കുറ്റ്യാടി: കതിരണിയും നാട്ടിൽ വിജയം കൊയ്യാൻ അച്ഛനും മകനും. ജില്ലയിലെ നെല്ലറയെന്ന് വിളിക്കുന്ന വേളം പഞ്ചായത്തിൽ നിന്നാണ് അരിവാളും നെൽക്കതിരും ഇടനെഞ്ചിൽ ചേർത്ത് അച്ഛനും മകനും തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്. സി.പി.ഐ കുറ്റ്യാടി മണ്ഡലം നിർവാഹക സമിതി അംഗവും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ഭാരവാഹിയുമായ സി.കെ.ബാബു കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ചേരാപുരം ഡിവിഷനിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ എ.ഐ.വൈ.എഫ് സംസ്ഥാന ഉപാദ്ധ്യക്ഷനും നിയമവിദ്യാർത്ഥിയുമായ മകൻ സി.കെ.ബിജിത്ത് ലാൽ വേളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ച വാർഡുകളിലാണ് ഇരുവരും മത്സരിക്കുന്നതെങ്കിലും വേളത്തെ രാഷ്ട്രീയ മാറ്റം തങ്ങൾക്കനുകൂലമാകുമെന്നാണ് ഇരുവരും പറയുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായിട്ടും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാത്ത യു.ഡി.എഫിന് അച്ഛന്റെയും മകന്റെയും മുൻതൂക്കം ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്. എ.ഐ.എസ്.എഫ് ജില്ലാ - സംസ്ഥാന ഭാരവാഹിയായിരുന്നപ്പോൾ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് കൊടിയ പൊലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ച ബിജിത്ത് ലാൽ വാർഡിലെ വീടുകളിലൂടെയുള്ള ആദ്യവട്ട പര്യടനം പൂർത്തിയാക്കി കഴിഞ്ഞു. വേളത്തെ സന്നദ്ധ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ് സി.കെ.ബാബു. നാട്ടുകാർക്ക് സുപരിചിതനും. ഫലം എന്തായാലും അച്ഛനും മകനും തിരഞ്ഞെടുപ്പ് ഗോഥയിൽ ഇറങ്ങിയതോടെ വേളത്തെ തിരഞ്ഞെടുപ്പ് ആവേശത്തിന് ചൂടേറും.
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ