SignIn
Kerala Kaumudi Online
Thursday, 17 September 2026 10.42 AM IST

ശരണമില്ലാതെ ശബരിമല വിപണി

sabarimala
ശബരിമല സീസണായതോടെ സജീവമായ പാളയത്തെ പൂജാ സ്റ്റോറുകളിലൊന്ന്

# പ്രതിസന്ധിയുടെ പടിയിൽ പൂജാ സ്റ്റോറുകൾ

കോഴിക്കോട് : ശബരിമല സീസണായ നവംബർ, ഡിസംബർ മാസങ്ങളിൽ കച്ചവടത്തിലുണ്ടാകുന്ന കുതിപ്പാണ് പൂജാ വിപണിയുടെയും അനുബന്ധ വ്യവസായങ്ങളുടെയും നട്ടെല്ല്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായ നഷ്ടങ്ങളിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷ ഇത്തവണയും തെറ്റുകയാണ്. കൊവിഡ് ആശങ്ക തുടരുന്നതും ശബരിമലയിലെ നിയന്ത്രണങ്ങളും മഴയുമാണ് വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും തിരിച്ചടിയാവുന്നത്.

വൃശ്ചിക മാസം രണ്ടാഴ്ചയോട് അടുക്കുമ്പോൾ സാധാരണ സീസണുകളെ അപേക്ഷിച്ച് കച്ചവടത്തിൽ 50 ശതമാനം കുറവാണ് ഉണ്ടായത്. മാല, കറുത്ത മുണ്ട്, ഇരുമുടിക്കെട്ട്, മറ്റ് പൂജാ സാധനങ്ങൾ എന്നിവയുടെ വിൽപ്പനയിലെല്ലാം കാര്യമായ കുറവുണ്ടായി. സീസൺ വിപണി ലക്ഷ്യമാക്കി വലിയ തോതിൽ സ്റ്റോക്കെത്തിച്ച കച്ചവടക്കാരെല്ലാം സങ്കടത്തിലാണ്. ചന്ദനത്തിരി, ഇരുമുടിക്കെട്ട്, സഞ്ചി എന്നിവ നിർമ്മിക്കുന്ന ചെറുകിട വ്യവസായികളും കടുത്ത പ്രതിസന്ധിയിലാണ്.

പലവിധ കാരണങ്ങളാൽ ശബരിമലയ്ക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞതും വിപണിക്ക് തിരിച്ചടിയായി. ശബരിമല സീസണിൽ കാണാറുളള അയ്യപ്പൻ വിളക്കുകൾ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങ് മാത്രമായതോടെ പ്രതിസന്ധിയുടെ ആഴം വർദ്ധിച്ചു.

ടൂറിസ്റ്റ് വാഹന ഉടമകളുടെ പ്രതീക്ഷയും ഇത്തവണത്തെ ശബരിമല സീസണായിരുന്നു. കൊവിഡ് കാലത്ത് കട്ടപ്പുറത്തായ വാഹനങ്ങൾ ലക്ഷങ്ങൾ ചെലവിട്ട് നിരത്തിലിറക്കിയെങ്കിലും പ്രതീക്ഷിച്ച ഓട്ടം വന്നില്ല. ക്ഷേത്രങ്ങളുടെ വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

"" ഇത്തവണത്തെ ശബരിമല സീസണിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ മാലയിടുന്നവരുടെ എണ്ണം വളരെ കുറവാണ്. അയ്യപ്പൻ വിളക്ക്, കർപ്പൂരാഴി തുടങ്ങിയ അയ്യപ്പന്മാരുടെ കൂട്ടായ്മകളും കുറഞ്ഞു. പൂജ സാധനങ്ങളെല്ലാം വലിയ സ്റ്റോക്ക് ഉണ്ട്. കച്ചവടം വളരെ കുറവാണ് ".

പി.ടി. സോമൻ (തയ്യിൽ പൂജ സ്റ്റോർ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL