പിറവന്തൂർ: അഞ്ച് വർഷമായി കനാലിൽ വെള്ളമെത്താത്തതോടെ 45 വർഷം പഴക്കമുള്ള ജലസേചന സംവിധാനം നാശത്തിന്റെ വക്കിൽ. ഒരുകാലത്ത് പ്രദേശത്തെ കൃഷിക്കും നാട്ടുകാർക്കും വലിയ ആശ്വാസമായിരുന്ന കനാൽ വർഷങ്ങളായി പൂർണ്ണമായും ഉപയോഗശൂന്യമായി കിടക്കുകയാണ്.
തകർച്ചയും കാടുകയറ്റവും
കനാലിന്റെ പല ഭാഗങ്ങളും നിലവിൽ തകർന്നും കാടുകയറിയും മണ്ണടിഞ്ഞും കിടക്കുകയാണ്. സംരക്ഷണഭിത്തികൾ തകർന്നതും കനാലിന്റെ അടിത്തട്ടിൽ മണ്ണും കല്ലും മാലിന്യങ്ങളും അടിഞ്ഞുകൂടിയതും ഭാവിയിൽ നീരൊഴുക്ക് പുനഃസ്ഥാപിച്ചാൽ പോലും വെള്ളം സുഗമമായി ഒഴുകുന്നതിന് തടസമാകും. വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ദുരിതത്തിലായി കർഷകരും നാട്ടുകാരും
അഞ്ച് വർഷമായി കനാലിലൂടെ വെള്ളം ഒരൊറ്റത്തുള്ളി പോലും കടന്നുപോകാത്തതിനാൽ പ്രദേശത്തെ കർഷകരും നാട്ടുകാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് 45 വർഷം മുമ്പ് നിർമ്മിച്ച ജലസേചന സംവിധാനം യാതൊരു സംരക്ഷണവുമില്ലാതെ നശിക്കാൻ അനുവദിക്കുന്നത് പൊതുപണത്തിന്റെ വലിയ നഷ്ടമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നടപടി വേണം
കനാലിന്റെ മുഴുവൻ ഭാഗങ്ങളും അടിയന്തരമായി പരിശോധിച്ച് കാടും മണ്ണും നീക്കം ചെയ്യണമെന്നും, തകർന്ന ഭാഗങ്ങൾ പുനർനിർമ്മിച്ച് വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്.
പൊതുജനങ്ങളുടെ ആവശ്യവും കർഷകരുടെ ദുരിതവും പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ ഇടപെടണം .ചേകം രഞ്ജിത്ത്
ബി.ജെ.പി പിറവന്തൂർ
പഞ്ചായത്ത് സമിതി കൺവീനർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |