തൃശൂർ: പ്രായം 60 കടന്നു... പക്ഷേ കമാൻഡ് കേട്ടപ്പോൾ ചുവടുകൾക്ക് പഴയ താളം! ആംഡ് പൊലീസ് ട്രെയിനിംഗ് സെന്ററിലെ ആദ്യ പരിശീലന ബാച്ചിലെ അംഗങ്ങൾ 40 വർഷത്തിന് ശേഷം പഴയ പരേഡ് ഗ്രൗണ്ടിൽ വീണ്ടും അണിനിരപ്പോൾ അരങ്ങേറിയത് അപൂർവ സംഗമം. 1986 സെപ്തംബർ നാലിന് പരിശീലനത്തിനെത്തിയ ബാച്ചിലെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് നാല് പതിറ്റാണ്ടിന് ശേഷം പഴയ പരേഡ് ഗ്രൗണ്ടിൽ പരേഡ് നടത്തിയത്. 60 മുതൽ 70 വയസുവരെയുള്ള ഇവർ പഴയ ഹവിൽദാർമാരുടെ കമാൻഡിൽ അണിനിരന്നത് ഓർമ്മകൾക്ക് വീണ്ടും ജീവൻ നൽകി. അന്നത്തെ കമ്പനി കമാൻഡറും വിരമിച്ച പൊലീസ് സൂപ്രണ്ടുമായ സുനിൽ കുമാർ സല്യൂട്ട് സ്വീകരിച്ചു. കുടുംബാംഗങ്ങളും പുതിയ തലമുറയിലെ സേനാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ അപൂർവ നിമിഷത്തിന് സാക്ഷികളായി.
തുടർന്ന് കേരള പൊലീസ് അക്കാഡമി സെമിനാർ ഹാളിൽ കുടുംബസംഗമം നടന്നു. അക്കാഡമി ഡയറക്ടർ സേതുരാമൻ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബാൾ താരവും വിരമിച്ച പൊലീസ് സൂപ്രണ്ടുമായ സി.വി. പാപ്പച്ചൻ മുഖ്യാതിഥിയായി.
ആദരവും
മുഖ്യമന്ത്രിയുടെ മെഡൽ നേടിയവർ, പൊലീസ് കായികമേളകളിലെ സ്വർണമെഡൽ ജേതാക്കൾ, മത്സ്യക്കൃഷിയിലെ പ്രധാനമന്ത്രി യോജന പുരസ്‌കാര ജേതാവ്, പരിശീലന ഇൻസ്ട്രക്ടർമാർ, ദേശീയ മാരത്തൺ സ്വർണമെഡൽ ജേതാവ് എന്നിവരെ കുടുംബസംഗമത്തിൽ ഉപഹാരം നൽകി ആദരിച്ചു. പ്രേമാനന്ദൻ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് കമാൻഡന്റ് കെ.എൻ. മധു, വിരമിച്ച ഉദ്യോഗസ്ഥരായ സുനിൽ, ഡേവീസ്, മോഹൻദാസ്, രാധാകൃഷ്ണൻ, രമേശൻ, വാസുദേവൻ, ടി.ഡി. ബാബു തുടങ്ങിയവർ സംസാരിച്ചു. ബാബു ജോസഫ് സ്വാഗതവും വിനോദ് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |