മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടക നിരക്ക് വർദ്ധനവിന് കാരണം വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണം. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്ന് ഹജ്ജിന് പുറപ്പെടാൻ 40,000 രൂപയോളം അധികം നൽകണം. 1,25,000 രൂപയാണ് കരിപ്പൂരിൽ നിന്നുള്ള നിരക്കായി എയർ ഇന്ത്യ ടെൻഡറിൽ രേഖപ്പെടുത്തിയത്. അതേസമയം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് സൗദി എയർലൈൻസ് 86,000- 87,000 രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വലിയ വിമാനങ്ങൾക്കുള്ള വിലക്ക് മൂലം കരിപ്പൂരിൽ നിന്നുള്ള സർവീസിന് സൗദി എയർലൈൻസ് താത്പര്യം പ്രകടിപ്പിച്ചില്ല.കഴിഞ്ഞവർഷം കരിപ്പൂരിൽ നിന്ന് 1,65,000 രൂപയായിരുന്നു എയർഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരുന്നത്. പ്രതിഷേധത്തെ തുടർന്ന് 1,21,000 രൂപയാക്കി കുറച്ചു. ഇത്തവണ 4,000 രൂപയാണ് കഴിഞ്ഞ വർഷത്തേക്കാൾ അധികമായി ഈടാക്കുന്നത്. ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചന.
400ഓളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സൗദി എയർലൈൻസിന്റെ വലിയ വിമാനമാണ് കൊച്ചിയിൽ നിന്നെങ്കിൽ 180 പേരെ ഉൾക്കൊള്ളുന്ന എയർഇന്ത്യയുടെ ചെറിയ വിമാനമാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുക. കരിപ്പൂരിൽ നിന്ന് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് അഞ്ച് മണിക്കൂറോളം ഇടത്താവളമില്ലാതെ വിമാനങ്ങൾക്ക് പറക്കേണ്ടി വരുന്നതിനാൽ എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ എണ്ണം 155 ആയി കുറച്ചാണ് പുറപ്പെടുക. ഇതും വിമാന ഇന്ധന വിലയിലെ വ്യത്യാസവും സൗദിയും എയർഇന്ത്യയും തമ്മിലെ നിരക്ക് വ്യത്യാസത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 2020 ഒാഗസ്റ്റ് ഏഴിന് എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ തകർന്ന് 21 പേർ മരിച്ച ദുരന്തത്തിന് ശേഷം കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് വിലക്കിയിട്ടുണ്ട്. ഇതിന് മുമ്പ് എയർഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ് എയർ എന്നിവയുടെ വലിയ വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് നടത്തിയിരുന്നത്.
കരിപ്പൂരിൽ യാത്രക്കാർ കുറഞ്ഞു
കേരളത്തിൽ നിന്നുള്ള 15,231 ഹജ്ജ് തീർത്ഥാടകരിൽ 5,755 പേർ കരിപ്പൂരിൽ നിന്നാണ്. 5,422 പേർ കൊച്ചിയിൽ നിന്നും 4,026 പേർ കണ്ണൂരിൽ നിന്നും യാത്ര പുറപ്പെടും. ടിക്കറ്റ് നിരക്ക് വർദ്ധനവ് മൂലം മുൻവർഷങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറവാണ്. സാധാരണഗതിയിൽ യാത്രക്കാരിൽ 70 ശതമാനത്തോളം കരിപ്പൂർ വഴിയാണ് യാത്ര പുറപ്പെടാറുള്ളത്. ടിക്കറ്റ് നിരക്കിലെ വർദ്ധനവ് മൂലം കഴിഞ്ഞ വർഷം എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റാൻ പലരും ശ്രമിച്ചിരുന്നെങ്കിലും ഇതിന് അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഇത്തവണ മുൻവർഷങ്ങളേക്കാൾ കൂടുതൽ പേർ കൊച്ചിയേയും കണ്ണൂരിനേയും തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |