
വണ്ടൂർ : പകൽ കുരങ്ങുകളും രാത്രി കാട്ടാനകളും മമ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ കർഷകരുടെ ജീവിതം ദുരിതമയമാക്കുന്നു. വീട്ടിക്കുന്ന് വള്ളിയാട്ടുകുഴിയിൽ ജോസഫിന്റെ 40 ഓളം ജാതിമരങ്ങളിലെ മുഴുവൻ ജാതിക്കയും കുരങ്ങൻ പറിച്ച് താഴെയിട്ടു. രണ്ടുമാസത്തിനുള്ളിൽ വിളവെടുക്കാൻ പാകമായവയായിരുന്നു ഇവ. 25,000ത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. തെങ്ങുകളിൽ നിന്ന് കരിക്കുകൾ പറിച്ച് താഴെയിടുന്നതും പതിവാണ്.
വൈകിട്ട് ആറു കഴിഞ്ഞാൽ കാട്ടാനകളുടെ വരവാണ്. കഴിഞ്ഞ ദിവസം കണക്കൻ കടവിൽ കൊടുമ്പൻ പുരയിടത്തിൽ തോമസിന്റെ 150ഓളം കായ്‌ഫലമുള്ള കവുങ്ങുകൾ കാട്ടാനകൾ നശിപ്പിച്ചു. കൂടാതെ ജലസേചനത്തിന് ഉപയോഗിക്കുന്ന സ്പ്രിംഗ്ലറുകൾ, മോട്ടോർ, പൈപ്പുകൾ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിൽ ഇനി ശേഷിക്കുന്നത് 30 കവുങ്ങുകൾ മാത്രമാണ്. കൃഷിയിടത്തിന് ചുറ്റും സൗരോർജ്ജ വേലി ഉണ്ടെങ്കിലും മരം തള്ളിയിട്ടു വേലി തകർത്താണ് കയറുന്നത്. മുമ്പൊന്നുമില്ലാത്ത തരത്തിലാണ് കുരങ്ങ് ശല്യം രൂക്ഷമാവുന്നത്. നാളികേര കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
പ്രശ്നത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |