SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ അന്തിമഘട്ടത്തിലേക്ക്

bvvv

മലപ്പുറം: എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. യാർഡിൽ കോൺഗ്രീറ്റ് കട്ട വിരിക്കുന്നതിനായി മണ്ണ് നീക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഒന്നര അടിയോളം മണ്ണ് നീക്കി പ്രതലം നിരപ്പാക്കുന്നതിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചു. പൊളിച്ച കെട്ടിടാവശിഷ്ടങ്ങളും ഈ ഭാഗത്തെ മണ്ണും മാറ്റിത്തുടങ്ങിയിട്ടുണ്ട്. നവീകരണ പ്രവൃത്തി വേഗത്തിലും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെയും പൂർത്തിയാക്കുന്നതിനായി ബസ് സ്റ്റാൻഡും സ്റ്റേഷൻ മാസ്റ്റർ ഓഫീസും കോഴിക്കോട് റോഡിനോട് അഭിമുഖമായുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലേക്ക് മാറ്റിയേക്കും. ടെർമിനൽ കെട്ടിടത്തിന്റെ നിലംപണി പൂർത്തിയായിട്ടുണ്ട്. ശൗചാലയത്തിന്റെ പ്രവൃത്തിയും പ്ലംബ്ലിംഗ്, ഇലക്ട്രിക് ജോലികളും പൂർത്തിയാക്കി. വർക്ക് ഷോപ്പിലേക്കുള്ള വഴി കോട്ടക്കുന്ന് റോഡിൽ നിന്ന് നൽകും.

ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവൃത്തികൾ 2016 ജനുവരിയിൽ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാലും ഫണ്ടിന്റെ കുറവ് മൂലവും പദ്ധതി അനന്തമായി നീളുകയായിരുന്നു. ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി ചെലവഴിച്ച് ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പെടെ നാലുനില കെട്ടിടത്തിന്റെയും ഓഫീസുകളുടേയും പണികളാണ് പൂർത്തീകരിച്ചത്. 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി ഫണ്ടും എം.എൽ.എ അനുവദിച്ച രണ്ടുകോടി മണ്ഡലം ആസ്തി ഫണ്ടും ഉപയോഗിച്ചുള്ള നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ഒന്നര വർഷം എട്ടായി !

  • 2016 ജനുവരി രണ്ടിനാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടത്. ഒന്നര വർഷംകൊണ്ട് പണി പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.
  • നിർമ്മാണ പ്രവൃത്തികൾക്കായി 7.90 കോടി രൂപ അനുവദിച്ചു. ആദ്യം 11 നില ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനാണ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയതെങ്കിൽ പിന്നീട് നാല് നിലയാക്കി ചുരുക്കി.
  • ഒപ്പം പ്രഖ്യാപിച്ച മറ്റ് ജില്ലകളിലെ മൂന്ന് ടെർമിനലുകളും നേരത്തെ തന്നെ പൂർത്തിയായെങ്കിലും അധികൃതരുടെ അനാസ്ഥയിൽ മലപ്പുറത്തേത് അനന്തമായി നീണ്ടു.
  • നഗരത്തിലെ കണ്ണായ സ്ഥലത്ത് നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് വഴി മികച്ച വരുമാന സാദ്ധ്യതയടക്കം നിലനിൽക്കുമ്പോഴും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാനായില്ല.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL