മലപ്പുറം: കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമം നടപ്പിലാക്കിയ ശേഷം 2018 ഏപ്രിൽ മുതൽ ഇതുവരെ ജില്ലയിൽ തരംമാറ്റിയത് 174.38 ഹെക്ടർ ഭൂമി. സംസ്ഥാനത്ത് വയനാടിനൊപ്പം ഏറ്റവും കുറവ് ഭൂമി തരം മാറ്റിയത് മലപ്പുറത്ത് ആണ്. വയനാട്ടിൽ 85.72 ഹെക്ടർ ഭൂമിയാണ് തരംമാറ്റിയിട്ടുള്ളത്. ഏറ്റവും കൂടുതൽ ഭൂമി തരംമാറ്റിയത് തൃശൂർ ജില്ലയിലാണ്. ഇവിടെ 2,150 ഹെക്ടർ ഭൂമിയാണ് തരംമാറ്റപ്പെട്ടത്. വീട് നിർമ്മാണത്തിനുള്ള ഭൂമിയുടെ തരംമാറ്റൽ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥതല നടപടികൾ വേഗത്തിലാവുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ. 2022 മുതലുള്ള അപേക്ഷകൾ ജില്ലയിൽ തീർപ്പാക്കാനുണ്ട്. വീട് നിർമ്മാണത്തിന് ഭൂമി തരം മാറ്റാൻ അപേക്ഷിച്ച സാധാരണക്കാരാണ് അധികൃതരുടെ മെല്ലെപ്പോക്കിൽ ഏറെ പ്രയാസം നേരിടുന്നത്. അപേക്ഷകളിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകി തീർപ്പാക്കണമെന്ന് റവന്യൂ വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതും കൃത്യമായി പാലിക്കപ്പെടുന്നില്ല. അപേക്ഷകളുടെ എണ്ണം കൂടിയതും റവന്യൂ, കൃഷി വകുപ്പുകളിലെ ജീവനക്കാരുടെ കുറവും നടപടിക്രമങ്ങളിലെ സങ്കീർണ്ണതകളുമാണ് അപേക്ഷകൾ തീർപ്പാക്കുന്നത് വൈകാൻ കാരണമെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. 20,000ത്തിൽപരം അപേക്ഷകളിൽ തുടർനടപടികൾ ഇനിയും അവശേഷിക്കുന്നുണ്ട് എന്നാണ് വിവരം. അപേക്ഷകളിൽ വേഗത്തിൽ നടപടിയെടുക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്ക് പ്രത്യേകം ചുമതല നൽകിയെങ്കിലും ഇതൊന്നും കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ല. ഏറനാട്, നിലമ്പൂർ, കൊണ്ടോട്ടി, പൊന്നാനി താലൂക്കുകളുടെ ചുമതല ഡെപ്യൂട്ടി കളക്ടർ (ആർ.ആർ)യും തിരൂർ താലൂക്കിന്റേത് തിരൂർ സബ് കളക്ടറും, തിരൂരങ്ങാടി താലൂക്കിന്റേത് ഡെപ്യൂട്ടി കളക്ടർ(എൽ.എ)യും ആണ് ചുമതല വഹിക്കുന്നത്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിജിലൻസിന്റെ കണ്ടെത്തൽ, അപേക്ഷകളിലെ തുടർനടപടികളിൽ സൂക്ഷമത പുലർത്താൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നുണ്ട്. വീട് നിർമ്മാണത്തിനുള്ള അനുമതിയുടെ മറവിൽ അനുവദിക്കപ്പെട്ടതിലും അധികം ഭൂമി നികത്തപ്പെടുന്നതും മറ്റ് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നതായും ആക്ഷേപങ്ങളുണ്ട്.
താലൂക്ക് .......................... നികത്തിയ ഭുമി (ഹെക്ടർ)
ഏറനാട് .............................................. 5.764
നിലമ്പൂർ ............................................ 6.2800
പെരിന്തൽമണ്ണ.................................. 13.8915
തിരൂർ.................................................. 123.541
പൊന്നാനി .......................................... 11.2853
തിരൂരങ്ങാടി ......................................... 6.2341
കൊണ്ടോട്ടി ........................................... 7.3924
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |