മലപ്പുറം: മലപ്പുറം കെ.എസ്.ആർ.ടി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ആദ്യഘട്ട ഉദ്ഘാടനം മേയ് അവസാന വാരം നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. നിയമസഭയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതിയ കെട്ടിടത്തിന്റെ നിലവിലുള്ള നിർമ്മാണ പുരോഗതികളും എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടുകോടി രൂപയുടെ പ്രവൃത്തികളും സി.എം.ഡി യോഗത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ബജറ്റിൽ അനുവദിച്ച അഞ്ച് കോടിയുടെ അഡീഷണൽ പ്രവൃത്തികളുടെ വിശദമായ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സർക്കാരിൽ സമർപ്പിക്കുവാൻ പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകി. പണി പൂർത്തീകരിച്ച എല്ലാ നിലകൾക്കും നമ്പർ ലഭ്യമാക്കുന്നതിനും കട മുറികൾക്ക് ലൈസൻസികളെ കണ്ടെത്തുന്നതിനായി ടെണ്ടർ ചെയ്യുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുവാൻ എസ്റ്റേറ്റ് ഓഫീസറോട് നിർദേശിച്ചു.
കെട്ടിടം നിർമ്മിക്കുന്നതിന് മണ്ണെടുത്ത ഭാഗത്ത് റീട്ടെയ്നിംഗ് വാൾ നിർമ്മിക്കൽ, ഇന്റർലോക്ക് വിരിക്കൽ എന്നീ ജോലികൾ പുരോഗമിക്കുകയാണ്. സ്ഥലത്തു സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ടെണ്ടർ നടപടികൾ ഉടൻ സ്വീകരിക്കുവാൻ എക്സിക്യൂട്ടീവ് ഡയറക്ടറേയും മലപ്പുറം യുണിറ്റ് ഓഫീസറേയും ചുമതലപ്പെടുത്തി.
യോഗത്തിൽ പി. ഉബൈദുള്ള എം.എൽ എ, കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അജിത്, കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ എൽ.ബീന, എക്സിക്യൂട്ടീവ് ഡയറക്ടർ (സിവിൽ) ഷറഫ് പി. മുഹമ്മദ്, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ജോഷി ജോൺ, കെ.എസ്.ആർ.ടി.സി അസി. എഞ്ചിനീയർ ലേഖ, പൊതുമരാമത്ത് വകുപ്പ് മലപ്പുറം അസി.എഞ്ചിനീയർ ഷുഹൈബ്, കെ.എസ്.ആർ.ടി.സിയിലേയും പൊതുമരാമത്ത് വകുപ്പിലേയും മറ്റു ഉദ്യോഗസ്ഥർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |