മലപ്പുറം: ചൂട് കനത്തതോടെ പുൽക്കാടുകളും കത്തിക്കുന്നതും റോഡിന്റെ വശങ്ങളിൽ മാലിന്യങ്ങൾ കത്തിക്കുന്നതും കത്തിത്തീരാത്ത സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുന്നതും ജില്ലയിൽ തീപിടുത്ത കേസുകൾ വർദ്ധിപ്പിക്കുന്നു. ജില്ലയിൽ ഒന്നരമാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 171 തീപിടുത്ത കേസുകളാണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരൂർ ഫയർ സ്റ്റേഷന് കീഴിലാണ്, 39 എണ്ണം. ഏറ്റവും കുറവ് കേസുകൾ താനൂർ ഫയർ സ്റ്റേഷനിലാണ്, 13 എണ്ണം.
ഉണങ്ങിയിരിക്കുന്ന പുല്ലുകളിലേക്ക് ചെറിയ തീപ്പൊരി വീണാൽ ചെറിയ കാറ്റ് വീശിയാൽ പോലും പടർന്നു പിടിക്കും. റോഡിനരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വരണ്ട കാലാവസ്ഥയിൽ വലിയ ദുരന്തത്തിലേക്ക് നയിക്കാനിടയുണ്ടെന്ന് അഗ്നിശമന സേന മുന്നറിയിപ്പ്നൽകുന്നുണ്ട്.
ഫയർ സ്റ്റേഷനുകളും റിപ്പോർട്ട് ചെയ്ത് കേസുകളുടെ എണ്ണവും
തിരൂർ 39
പെരിന്തൽമണ്ണ 28
മലപ്പുറം 23
തിരുവാലി 18
പൊന്നാനി 18
മഞ്ചേരി 17
നിലമ്പൂർ 15
താനൂർ 13
ശ്രദ്ധിക്കേണ്ടത്
. വീണ് കിടക്കുന്ന ഇലകളും അവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുക. കത്തിക്കുന്നുണ്ടെങ്കിൽ ഫയർ ബ്രേക്കുകൾ ഒരുക്കുക
. ചപ്പുചവറുകൾ കത്തിച്ച ശേഷം തീ പൂർണ്ണമായും അണഞ്ഞെന്ന് ഉറപ്പ് വരുത്തുക
. ചൂടുള്ള കാലാവസ്ഥയിലും ഉച്ച സമയത്തും കാറ്റുള്ളപ്പോഴും തുറന്ന സ്ഥലങ്ങളിൽ വച്ച് കത്തിക്കാതിരിക്കുക
. കൃഷിയില്ലാത്ത പാടശേഖരങ്ങളുടെ വരമ്പുകളിൽ താമസിക്കുന്നവർ ചുരുങ്ങിയത് അഞ്ച് മീറ്റർ വരമ്പിലെ കാടെങ്കിലും നീക്കം ചെയ്യുക
. റബർ തോട്ടങ്ങളിൽ തീയിടരുത്
. തീ പടർന്ന് പിടിക്കാവുന്ന ഉയരത്തിലുള്ള മരങ്ങൾക്ക് ചുവട്ടിൽ കത്തിക്കാതിരിക്കുക
. കെട്ടിടങ്ങൾക്കിടയിൽ തീ പടരാൻ സാദ്ധ്യതയുണ്ടെങ്കിൽ ഇന്ധനമോ ഗ്യാസ് സിലിണ്ടറോ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുക
. വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണനിക്ഷേപ കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതലുകൾ എടുക്കുക.
90 ശതമാനം തീപിടുത്തത്തിന് കാരണവും പൊതുജനങ്ങളുടെ അശ്രദ്ധയാണ്. പുൽക്കാടുകൾ കത്തിക്കുന്നതും റോഡ് സൈഡിൽ മാലിന്യം കത്തക്കുന്നതുമടക്കം തീപിടത്ത സാദ്ധ്യതയിലേക്ക് നയിക്കുന്നു.ഇ.കെ.അബ്ദുൽസലീം, സ്റ്റേഷൻ ഓഫീസർ, ഫയർ ആന്റ് റെസ്‌ക്യൂ മലപ്പുറം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |