SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

സോളാർ ബോട്ട് എവിടെ  പൊന്നാനിയുടെ  സ്വപ്നപദ്ധതി ആവിയായോ 

kanoli

കാർത്തിക് കൃഷ്ണ

പൊന്നാനി: പൊന്നാനിയുടെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുമായിരുന്ന പ്രവൃത്തിയായിരുന്നു കനോലി കനാൽ ആഴംകൂട്ടി സോളാർ ബോട്ട് സർവീസ് ആരംഭിക്കുന്ന പദ്ധതി. നിളയോരപാതയും പുഴമുറ്റം പാർക്കും ബിയ്യംപാർക്കും തുടങ്ങി നവീകരിച്ച ലൈറ്റ് ഹൗസ് വരെ പൊന്നാനിയുടെ ടൂറിസം രംഗത്തെ വളർച്ചയുടെ പടവുകളാണ്. എന്നാൽ പ്രഖ്യാപിക്കപ്പെട്ട് പാതിവഴിയിൽ നിലച്ച പദ്ധതിയാണ് കനോലി കനാലിലെ സോളാർ ബോട്ട് സർവീസ്. പൊന്നാനി അഴിമുഖം മുതൽ ജില്ലാ അതിർത്തിയായ അണ്ടത്തോട് വരെയുള്ള പതിനൊന്നു കിലോമീറ്റർ ഭാഗങ്ങളിലാണ് ഈ പദ്ധതിക്ക് വേണ്ടി കനാലിന്റെ നടുവിൽ ഒന്നരമീറ്റർ ആഴം കൂട്ടിയത്. ഒപ്പം കനാലിന്റെ വീതി നിലവിൽ നാല്പത്തി അഞ്ചു മീറ്റർ ആക്കി ഉയർത്തിയും സമീപത്തെ കയ്യേറ്റങ്ങൾ കണ്ടെത്തിയുമുള്ള സമഗ്രമായ പദ്ധതിയാണ് മുൻപ് പ്രഖ്യാപിക്കപ്പെട്ടത്. ആഴം കൂട്ടി കുഴിച്ചെടുത്ത മണ്ണ് കനാലിന്റെ സമീപത്തായി ഇരുകരകളിലും കൂട്ടിയിട്ടു. പക്ഷെ മഴ എത്തിയതോടെ ഈ മണ്ണ് വീണ്ടും കനാലിലേക്ക് തിരിച്ചിറങ്ങും. ഒപ്പം ഈ പദ്ധതിക്ക് വേണ്ടി ചിലവാക്കിയ പണവും നഷ്ടമാകും. കൂടാതെ വീണ്ടും മാലിന്യം നിറഞ്ഞ അവസ്ഥയിലേക്ക് തന്നെ കനോലി കനാൽ എത്തിച്ചേരും. ഈ പദ്ധതിക്ക് തടസമായി നിന്നിരുന്നത് പലയിടത്തും താഴ്ന്ന് നിൽക്കുന്ന പാലങ്ങളായിരുന്നു. എന്നാൽ ഇത്തരത്തിൽ നവീകരിക്കേണ്ട പാലങ്ങൾ എല്ലാം തന്നെ പൊളിച്ചു മാറ്റി പുതിയത് പണിയാൻ പദ്ധതിയിട്ടിരുന്നു. നിലവിലെ അങ്ങാടിപ്പാലം പൊളിച്ച് വീതി കൂട്ടി പുതിയ പാലം പണിയുന്നതോടെ നിലവിൽ പൊന്നാനി അങ്ങാടിയിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കും ഒഴിവാക്കാമായിരുന്നു. എന്നാൽ പ്രഖ്യാപിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി നിലവിൽ പ്രാവർത്തികമായില്ല. ഈ പദ്ധതി നടപ്പായിരുന്നെങ്കിൽ പൊന്നാനിയുടെ ടൂറിസം രംഗത്തെ ഏറ്റവും വലിയ കുതിച്ചുചട്ടമായി മാറിയേനെയെന്നു നാട്ടുകാർ പറയുന്നു. അണ്ടത്തോട് മുതൽ കനോലി കനാൽ വഴിയുള്ള ബോട്ട് സർവീസ് ഭാരതപുഴ വഴി നിളയോര പാതയിലേക്കും നീട്ടിയെങ്കിൽ നിലവിലെ സഞ്ചാരികളെക്കാൾ ഇരട്ടി ആളുകൾ പൊന്നാനിയിലേക്ക് എത്തിയിരുന്നു. നിലവിൽ കനാലിന്റെ ആഴം കൂട്ടൽ നടന്നെങ്കിലും അതൊരു പ്രഹസനമായി മാറി. സമീപത്തെ കയ്യേറ്റങ്ങൾ കണ്ടെത്തി കനാലിന്റെ വീതി കൂട്ടൽ നടപടികൾ പിന്നീട് എങ്ങുമെത്തിയില്ല. പൊന്നാനിയിലെ ഏറ്റവും മികച്ച ടൂറിസം പദ്ധതി എന്നെങ്കിലും നടപ്പിലാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

കനോലി കനാൽ മാലിന്യം
പ്രകൃതിക്കും മനുഷ്യനും ഭീഷണി

പ്രസിദ്ധമായ കനോലി കനാലിന്റെ സ്ഥിതി ഇന്ന് ദയനീയമാണ്. മാലിന്യനിക്ഷേപം മൂലം ഈ കനാൽ തകർച്ചയിലേക്കാണ് നീങ്ങുന്നത്. വ്യാവസായിക മാലിന്യങ്ങൾ, വീട്ടുജല മാലിന്യങ്ങൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവയാണ് കനാലിനെ നശിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.സമീപ പ്രദേശങ്ങളിൽ നിന്ന് നിത്യമായി മാലിന്യങ്ങൾ കനാലിലേക്ക് നിക്ഷേപിക്കപ്പെടുന്നു. ഇത് മൂലം വെള്ളത്തിന്റെ ഗുണനിലവാരം വലിയ തോതിൽ കുറയുകയും മീനുകളുടെ നിലനില്പിനെ അപകടത്തിലാക്കുകയും ചെയ്തിരിക്കുകയാണ്. അവശിഷ്ടങ്ങളുടെയും മാലിന്യങ്ങളുടെയും ഒഴുക്ക് പ്രകൃതിക്ക് തന്നെ ഭീഷണിയാണ്. ചരിത്രസ്മാരകമായി അറിയപ്പെടുന്ന കനോലി കനാൽ മാലിന്യത്തിന്റെ പിടിയിലായിരിക്കുകയാണ്. ഇതിൽ നിന്നും ജലസ്രോതസ്സ് തിരിച്ചു പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്


പൊന്നാനി അങ്ങാടിയിൽ നിന്നുള്ള കനോലി കനാൽ ദൃശ്യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL