പൊന്നാനി : പരീക്ഷക്കാലം കഴിഞ്ഞതോടെ വേനലവധി കളർഫുൾ ആക്കാൻ അണിഞ്ഞൊരുങ്ങി പൊന്നാനി. പെരുന്നാൾ, വിഷു ആഘോഷവേളകളും ടൂറിസം മേഖലയ്ക്ക് ഉണർവേകും. പുതുക്കിപ്പണിത ബിയ്യം തൂക്കുപാലവും ബിയ്യം പാർക്കും ആഘോഷവേളകളെ കൂടുതൽ ആകർഷകമാക്കും. പുഴമുറ്റം പാർക്കും കർമ്മ റോഡും നിലവിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ഏറെ വൈകിയും സഞ്ചാരികളുമായി കർമ്മ റോഡ് പരിസത്ത് നിളയിൽ ടൂറിസ്റ്റ് ബോട്ട് സർവീസ് നടത്തിയിരുന്നു. താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് ഇത്തരത്തിൽ സർവീസ് നടത്തുന്നത് നിരോധിച്ചിരുന്നു. അവധിക്കാലത്ത് തിരക്കേറുമ്പോൾ ഇത്തരം അപകടസാദ്ധ്യതകൾ മുൻകൂട്ടി കണ്ട് അധികൃതർ ജാഗ്രത പുലർത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കടകൾക്കെതിരെയും അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യമുണ്ട്. മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങൾ വ്യാപകമാവുന്ന പശ്ചാത്തലത്തിൽ കർശന നടപടിയെടുത്തില്ലെങ്കിലും പ്രശ്നം ഗുരതരമാകുമെന്നാണ് ആശങ്ക. ബീച്ചിൽ നവീകരണം പൂർത്തിയാക്കിയ ലൈറ്റ് ഹൗസ് സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നുണ്ട്. ഇവിടെ ചെറിയ രീതിയിൽ കുട്ടികൾക്ക് കളിയുപകരണങ്ങളും ഇരിപ്പിടങ്ങളും ഒരുക്കിയതും പൊന്നാനി ബിയ്യം പുളിക്കകടവ് പാലം നവീകരിച്ചതും കൂടുതൽ കുടുംബങ്ങളെ ഇങ്ങോട്ട് ആകർഷിക്കുന്നു. നവീകരണം പൂർത്തിയാക്കിയ ബിയ്യം പാർക്കിൽ പ്രവേശനഫീസ് ഈടാക്കാൻ ആലോചനയുണ്ട്. ഭക്ഷണ പ്രിയർ ആഘോഷമാക്കാനുള്ള ഇടങ്ങളും പൊന്നാനിയുടെ പ്രത്യേകതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |