SignIn
Kerala Kaumudi Online
Friday, 09 October 2026 1.53 AM IST

കണ്ണീർക്കടലിൽ ഓഹരി നിക്ഷേപകർ

sen

ഇന്നലെ ഒലിച്ചുപോയത് 10 ലക്ഷം കോടി

കൊച്ചി: ആഗോള അനിശ്ചിതത്വം ശക്തമായതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. റിസർവ് ബാങ്ക് നയസമീപനം ക്യാലിബ്രേറ്റഡ് ടൈറ്റനിംഗിലേക്ക് ആക്കിയതും ക്രൂഡോയിൽ വില 102 ഡോളറിന് മുകളിലെത്തിയതും ആഗോള ബോണ്ട് യീൽഡിലെ കുതിപ്പും നിക്ഷേപകരെ ആശങ്കയിലാക്കി. വിദേശ നിക്ഷേപകരുടെ വിൽപ്പന ശക്തമായതോടെ സെൻസെക്‌സ് 10,45.46 പോയിന്റ് നഷ്‌ടത്തോടെ 71,593.24ലും നിഫ്‌റ്റി 371.25 പോയിന്റ് ഇടിവോടെ 22231.80ലും അവസാനിച്ചു.

സെൻസെക്‌സ് ക്ളോസിംഗ് നില 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്നതാണ്. നിഫ്‌റ്റി 18 മാസത്തെ താഴ്ന്ന നിലയിലുമെത്തി. ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഒറ്റദിവസം ഏകദേശം പത്ത് ലക്ഷം കോടി രൂപ ഇടിഞ്ഞു. സ്മാൾ ആൻഡ് മിഡ് കാപ്പ് ഓഹരികളിലും വൻ വിൽപ്പനയുണ്ടായി. ബാങ്കിംഗ്, റിയൽറ്റി, മെറ്റൽ മേഖലയിലെ ഓഹരികളിലും തകർച്ച രൂക്ഷമായിരുന്നു.

ഉയരുന്ന ആശങ്കകൾ

1. പലിശ ഇനിയും കൂടാൻ ഇടയുണ്ടെന്ന റിസർവ് ബാങ്കിന്റെ സൂചന

2. യു.എസിന്റെ 10 വർഷ ബോണ്ട് യീൽഡ് 24 വർഷത്തെ ഉയരത്തിൽ

3. പശ്ചിമേഷ്യൻ സംഘർഷം ശക്തമായതോടെ ക്രൂഡ് വില 102 ഡോളറിൽ

4. വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ ഓഹരികൾ വിൽക്കുന്നു

5. അമേരിക്കയിലെ ഫെഡറൽ റിസർവ് വീണ്ടും പലിശ കൂട്ടാനുള്ള സാദ്ധ്യത

വിദേശ നിക്ഷേപകർ മടങ്ങുന്നു

യു.എസിന്റെ 30 വർഷ ബോണ്ടുകളുടെ യീൽഡ് 5.71 ശതമാനത്തിലെത്തിയതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വൻ തോതിൽ പണം പിൻവലിക്കുകയാണ്. ബോണ്ടുകളിൽ നിന്ന് മികച്ച വരുമാനം ലഭിക്കുന്നതിനാൽ നിക്ഷേപകർ മറ്റ് മേഖലകളിൽ വിൽപ്പന ശക്തമാക്കി. 10 വർഷ ബോണ്ടുകളുടെ യീൽഡ് 5.3 ശതമാനമാണ്. ബുധനാഴ്ച 6,121 കോടി രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്.

ആഘാതങ്ങൾ കൂട്ടത്തോടെ

ഒരേസമയം മൂന്ന് ആഘാതങ്ങളാണ് ഇന്ത്യൻ വിപണി നേരിടുന്നത്. റിസർവ് ബാങ്ക് റിപ്പോ ഉയർത്തിയതിനാൽ വായ്പാ ചെലവ് കൂടുമെന്ന ആശങ്ക ശക്തമാണ്. ക്രൂഡ് വില ഉയരുന്നതിനാൽ കമ്പനികളുടെ ചെലവും ഇറക്കുമതി ബില്ലും വർദ്ധിക്കുകയാണ്. ഇതിനിടെ യു.എസ് ബോണ്ട് യീൽഡ് കുത്തനെ ഉയരുന്നതും വെല്ലുവിളിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SENSEX, LATESTNEWS, BUSINESS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360