SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.08 AM IST

യുപിഐ ഫീസിൽ വ്യാപാരികൾക്ക് താത്കാലിക ആശ്വാസം

upi

കൊച്ചി: യു.പി.ഐ വഴി പണം സ്വീകരിക്കുന്ന വ്യാപാരികൾക്ക് അധിക ചെലവുണ്ടാക്കുന്ന മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്(എം.ഡി.ആർ) നടപ്പാക്കുന്നത് ദീപാവലിക്ക് ശേഷമാകുമെന്ന് നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ(എൻ.പി.സി.ഐ) വ്യക്തമാക്കി. ഒക്ടോബർ 15 മുതൽ 2,000 രൂപയിലധികമുള്ള യു.പി.ഐ ഇടപാടുകൾക്ക് 0.4 ശതമാനം എം.ഡി.ആർ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇടപാടൊന്നിന് പരമാവധി 300 രൂപയാണ് പരിധി. ചില മേഖലകളിൽ അഞ്ച് രൂപയുടെ സ്ഥിരനിരക്കും ബാധകമാകും. അധിക ഫീസ് നിലവിൽ വരുന്ന തിയതി പിന്നീട് പ്രഖ്യാപിക്കും. ഉത്സവകാലത്തെ വ്യാപാരത്തെ ബാധിക്കാതിരിക്കാനാണ് നടപടി.

എല്ലാ യു.പി.ഐ ഇടപാടുകൾക്കും എം.ഡി.ആർ ബാധകമാകില്ല. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളും 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകളും സൗജന്യമായി തുടരും. ചെറുകിട വ്യാപാരികൾക്കുള്ള ഇളവുകളും നിലനിറുത്തും. എം.ഡി.ആർ നിർദിഷ്‌ട മേഖലയിലെ വ്യാപാരികളിൽ നിന്നാണ് ഈടാക്കുക. യു.പി.ഐ ഫീസ് ഉപഭോക്താക്കളിൽ നിന്ന് വാങ്ങരുതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാരികളുടെ അധിക ബാദ്ധ്യത(0.4%)

ഇടപാട് തുക : വ്യാപാരിയുടെ ചെലവ്

2,500 രൂപ : 10 രൂപ

5,000 രൂപ : 20 രൂപ

10,000 രൂപ : 40 രൂപ

25,000 രൂപ : 100 രൂപ

50,000 രൂപ : 200 രൂപ

75,000 രൂപ : 300 രൂപ

ആശങ്കയിലാകുന്ന വ്യാപാര മേഖലകൾ

ഗോൾഡ് ആൻഡ് സിൽവർ വ്യാപാരികൾ

ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റുകൾ

സൂപ്പർമാർക്കറ്റുകളും പലചരക്ക് വ്യാപാരികളും

വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ

ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന മറ്റ് സ്ഥാപനങ്ങൾ

എന്തുകൊണ്ട് ഫീസ്?

സെപ്തംബറിൽ ഇന്ത്യയൊട്ടാകെ 2,407 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്. ആകെ മൂല്യം ഏകദേശം 29.37 ലക്ഷം കോടി രൂപയാണ്. ഇത്രയും വിപുലമായ ഇടപാടുസംവിധാനത്തിന്റെ സാങ്കേതിക സൗകര്യങ്ങൾ, സൈബർ സുരക്ഷ, സേവനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ഫീസ് വരുമാനം ഉപയോഗിക്കുമെന്നാണ് സർക്കാർ വിശദീകരണം. ബാങ്കുകൾ,പേയ്മെന്റ് സേവനദാതാക്കൾ, ആപ്പുകൾ തുടങ്ങിയവർ വരുമാനം പങ്കിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UPI, LATESTNEWS, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360