SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

കുടുംബശ്രീ വിഷു വിപണി; ജില്ലയിൽ 60 ലക്ഷം രൂപയുടെ വിൽപ്പന

news

മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിഷുവിനോട് അനുബന്ധിച്ച് 111 സി.ഡി.എസുകളിലായി നടത്തിയ വിഷു വിപണിയിൽ ജില്ലയിൽ നടന്നത് 60 ലക്ഷം രൂപയുടെ വിൽപ്പന. സംസ്ഥാനത്ത് തന്നെ കുടുംബശ്രീ വിഷു വിൽപ്പനയിൽ ജില്ലയ്ക്ക് മൂന്നാം സ്ഥാനമാണ്. വെളിയങ്കോട് സി.ഡി.എസിലെ എരമംഗലത്ത് നടന്ന കുടുംബശ്രീ ജില്ലാ വിപണിയിൽ ഒൻപത് ലക്ഷം രൂപയുടെ വിൽപ്പന നടന്നു. 4,000 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയ ജില്ലാ വിപണിയിൽ 30 സ്റ്റാളുകൾ പ്രവർത്തിച്ചിരുന്നു.

250ഓളം വിഷുക്കണി സെറ്റുകളുടെ വിൽപ്പനയും നടന്നു. ഓരോ സി.ഡി.എസിലും വ്യത്യസ്ഥ വിലയാണ് വിഷുക്കണിയ്ക്ക് ഈടാക്കിയത്. കണിക്കൊന്ന, വെള്ളരി, കൈനീട്ടം (ഒരു രൂപ/അഞ്ച് രൂപ നാണയം), ഉണങ്ങല്ലരി, ചന്ദനത്തിരി, വെറ്റില, ചക്ക, മാങ്ങ, ഓറഞ്ച്, ചെറുപഴം എന്നിവ ഉൾപ്പെടുത്തിയാണ് ഭൂരിഭാഗം സി.ഡി.എസിലും വിഷുക്കിറ്റ് തയ്യാറാക്കിയിട്ടുള്ളത്. 714 ഭക്ഷ്യ സ്റ്റാളുകളിൽ നിന്നായി 2.13 ലക്ഷം രൂപയും ലഭിച്ചു. പാചക വാതക പ്രതിസന്ധി നേരിടുന്നതിനാൽ ലൈവ് ഭക്ഷ്യ സ്റ്റാളുകൾ കുറവായിരുന്നു.

കുടുംബശ്രീ വനിതാ കർഷക സംഘങ്ങൾ ഉൽപാദിപ്പിച്ച വിഷ വിമുക്ത പച്ചക്കറികളും പഴ വർഗങ്ങളുമാണ് വിപണിയിൽ എത്തിച്ചത്. ജില്ലയിലെ 1,789 വനിതാ കർഷക സംഘങ്ങളാണ് വിഷു വിപണിയുടെ ഭാഗമായത്. വിവിധ തരം അച്ചാറുകൾ, സ്‌ക്വാഷുകൾ, പച്ചക്കറികൾ, അലങ്കാര വസ്തുക്കൾ, ചവിട്ടികൾ, മൺപാത്രങ്ങൾ, പാൽ ഉല്പന്നങ്ങൾ, ഗിഫ്റ്റ് ഹാമ്പറുകൾ തുടങ്ങി എല്ലാവിധ ഉല്പന്നങ്ങളും വിപണിയിലുണ്ടായിരുന്നു. 14 ബ്ലോക്കുകളിലായി 75.95 ഏക്കർ സ്ഥലാണ് കണിവെള്ളരി കൃഷിയിറക്കിയത്. ജില്ലാ മിഷൻ കോർഡിനേറ്റർമാരുടെയും കൃഷിവകുപ്പിന്റെയും മേൽനോട്ടത്തിലാണ് വിത്ത് വിതയ്ക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ബാഗ്, കുട തുടങ്ങിയ പേഴ്സൺൽ ആക്സസറീസ് വിപണനം ചെയ്യുന്ന 1,334 മൈക്രോ എന്റർപ്രൈസസ് യൂണിറ്റുകളും വിപണിയുടെ ഭാഗമായിരുന്നു.

ചുരുങ്ങിയ ദിവസം കൊണ്ട് വലിയതോതിലുള്ള ലാഭം കൈവരിക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് സാധിച്ചത് അഭിനന്ദനാർഹമാണ്.
കെ.എസ്.അസ്‌ക്കർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജ‌ർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL